പാർട്ടിയുമായി ഭിന്നത; ഏരിയ കമ്മിറ്റിയിൽനിന്ന് മുൻ എംഎൽഎ അയിഷപോറ്റിയെ ഒഴിവാക്കി

Advertisement

കൊട്ടാരക്കര: മുൻ എംഎൽഎ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. പാർട്ടിയുമായി ചില വിഷയങ്ങളിൽ ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളിൽ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം. എന്നാൽ എംഎൽഎ ആയിരിക്കെ മുൻകൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിൽ തന്റെ പേര് പരാമർശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.

ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഒഴിവാക്കിയതെന്നാണ് പാർട്ടി നേതാക്കളുടെ വിശദീകരണം. എന്നാൽ നിലവിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ജി.സുന്ദരേശനെ ഏരിയ കമ്മിറ്റിയിൽ നിലനിർത്തുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയെ വിമർശിച്ച ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗ ലിസ്റ്റിൽ നിന്നും വെട്ടിമാറ്റി.

ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളിൽ തൃക്കണ്ണമംഗൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ഉൾപ്പെടുത്തിയില്ല. കൊട്ടാരക്കര ടൗൺ ഉൾപ്പെടുന്ന പ്രദേശമാണ് തൃക്കണ്ണമംഗൽ. കോൺഗ്രസ് നേതാവിനെ ആക്രമിച്ച കേസിൽ ജയിലിലായ 10 സിപിഎം പ്രവർത്തകരിൽ മൂന്ന് പേരെ മാത്രം സന്ദർശിച്ച് ജില്ലാ സെക്രട്ടറി മടങ്ങിയെന്നായിരുന്നു സമ്മേളനത്തിൽ പ്രസംഗിച്ചത്.