സീരിയല്‍ രംഗത്തും സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍

Advertisement

തിരുവനന്തപുരം: സിനിമയിലേതുപോലെ സീരിയല്‍ രംഗത്തും സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും സമൂഹത്തില്‍ നല്ല സന്ദേശങ്ങളെത്തിക്കാന്‍ സീരിയലുകള്‍ എത്രത്തോളം ഉതകുന്നുണ്ടെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പി. സതീദേവി പറഞ്ഞു. മെഗാ സീരിയല്‍ നിരോധിക്കണമെന്ന വനിതാ കമ്മീഷന്റ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. 2017-18 കാലത്താണ് അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. സീരിയലുകളിലെ സ്ത്രീള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചതായും സതീദേവി പറഞ്ഞു.
സീരിയലുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന നടിമാര്‍ ഉള്‍പ്പടെ നിരവധി പേരുടെ പരാതികള്‍ വനിത കമ്മീഷന് മുന്‍പില്‍ വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒരു പബ്ലിക് ഹിയറിങ് വനിത കമ്മീഷന്‍ നടത്തിയിരുന്നു. തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍മേഖലയിലെ സുരക്ഷിതത്വം, സേവന വേതനവ്യവസ്ഥകള്‍ എല്ലാം അവിടെ ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൊടുത്തതായും സതീദേവി പറഞ്ഞു.
ചില സീരിയലുകള്‍ സമൂഹത്തില്‍ നല്ല സന്ദേശങ്ങളല്ല നല്‍കുന്നത്. കുട്ടികളില്‍ അടക്കം തെറ്റായ സന്ദേശം കൊടുക്കാന്‍ ഇടവരുത്തുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളും കാണുന്നത്. അതുകൊണ്ടുതന്നെ സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണെന്ന് സതീദേവി പറഞ്ഞു.

Advertisement