രാത്രി ഫോണില്‍ മറ്റൊരാള്‍ വിളിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു….. കൊലപാതക ശേഷം വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇട്ടു

Advertisement

കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ആണ്‍സുഹൃത്താണ് പ്രതി ജയചന്ദ്രനെന്നാണ് വിവരം. രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം നടക്കുമ്പോള്‍ ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹം കെട്ടിവലിച്ചാണ് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്‍.
ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു വിജയലക്ഷ്മി. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി.
അതേസമയം ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നാട്ടുകാരുടെ മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ബസിലെ കണ്ടക്ടറാണ് മൊബൈല്‍ ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചത്. തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ് പ്രതി ജയചന്ദ്രനാണെന്ന് കണ്ടെത്താന്‍ സഹായകമായത്.
എറണാകുളം സെന്‍ട്രല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വിജയലക്ഷ്മിയുടെ ഫോണാണെന്ന് കണ്ടെത്തി. വിവരം കരുനാഗപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് മിസ്സിംഗ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്ത് ബസ് സ്റ്റാന്റില്‍ വെച്ചാണ് സ്വിച്ചോഫായത്. ഇക്കാര്യം അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം പുരോഗമിച്ചത്. ഇതിലേക്ക് വന്ന കോളുകളും പൊലീസ് പരിശോധിച്ചു. മാത്രമല്ല, ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും ഫോണ്‍ ലൊക്കേഷനുകള്‍ ഒരേയിടത്ത് വന്നിരുന്നു. കസ്റ്റഡിയിലെടുത്ത ജയചന്ദ്രനില്‍ നിന്ന് ലഭിച്ച പരസ്പര വിരുദ്ധ മറുപടികളും സംശയത്തിന് ബലമേകി. വിജയലക്ഷ്മിയുടെ ഫോണ്‍ നശിപ്പിക്കാനും ജയചന്ദ്രന്‍ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Advertisement