വിവാദ പത്ര പരസ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ കളക്ടറുടെ നിര്‍ദേശം…

Advertisement

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട് എഡിഷനില്‍ വന്ന ഇടത് മുന്നണിയുടെ പത്ര പരസ്യം അന്വേഷിക്കാന്‍ പാലക്കാട് ജില്ലാ കലക്ടറുടെ നിര്‍ദേശം. സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ വന്ന പരസ്യമാണ് വിവാദത്തില്‍ ആയത്. ‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടില്‍ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചാണ് പരസ്യം.
പരസ്യം മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മറ്റ് പരസ്യങ്ങള്‍ക്ക് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അനുമതി വാങ്ങിയിരുന്നു. വോട്ടെടുപ്പിന്റെ തലേന്ന് സന്ദീപ് വാരിയര്‍ വിഷയമുയര്‍ത്തി രണ്ട് മുസ്ലിം സംഘടനകളുടെ പത്രങ്ങളില്‍ മാത്രം എല്‍ഡിഎഫ് പരസ്യം നല്‍കിയത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. സ്വന്തം പത്രത്തില്‍ പരസ്യം ചെയ്യാന്‍ സിപിഎമ്മിന് ധൈര്യമില്ലെന്നും മുസ്‌ലിം സംഘടനകളുടേതില്‍ കൊടുക്കുന്നുവെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു. എന്തു പറഞ്ഞായാലും ബിജെപി ജയിച്ചാലും യുഡിഎഫ് തോല്‍ക്കണമെന്നതാണ് സിപിഎമ്മിന്റെ ആഗ്രഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.