ആന്റണിയെ പ്ലസ്ടു മുതൽ പരിചയം, ഡേറ്റ് തീരുമാനിച്ചിട്ടില്ല: കീർത്തിയുടെ വിവാഹവാർത്ത സ്ഥിരീകരിച്ച് സുരേഷ് കുമാർ

Advertisement

മകൾ കീർത്തിയുടെ വിവാഹവാർത്ത സ്ഥിരീകരിച്ച് നിർമാതാവ് സുരേഷ് കുമാർ. അടുത്ത മാസം ഗോവയിൽ വച്ചാകും വിവാഹം. ബിസിനസുകാരനായ ആന്റണി തട്ടിലാണ് വരൻ. കൊച്ചി സ്വദേശിയാണ്. ഇരുവരും തമ്മിൽ പ്ലസ്ടു മുതലുള്ള പരിചയമാണെന്ന് സുരേഷ് കുമാർ പറഞ്ഞു.

‘‘കീർത്തി പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയമാണ്. ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. വിവാഹത്തിന്റെ ഡേറ്റ് തീരുമാനിക്കുന്നേയുള്ളൂ. അടുത്ത മാസമാകും ചടങ്ങ്. ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക.’’– സുരേഷ് കുമാർ പറഞ്ഞു.

ഇന്നലെ മുതൽ കീർത്തിയുടെ പ്രണയവും വിവാഹവും സംബന്ധിച്ചുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഔദ്യോഗികമായി ഇക്കാര്യം കീർത്തിയോ കുടുംബമോ വെളിപ്പെടുത്തിയിരുന്നില്ല. 15 വർഷത്തോളമായി കീർത്തിയും ആന്റണിയും പ്രണയത്തിലാണെന്നാണ് വിവരം.

നിർമാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്രതാരം മേനകാ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മോഹൻലാലിന് ഒപ്പമായിരുന്നു കീർത്തിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്ക് ചുവടു മാറ്റിയ താരം അവിടെ തിരക്കേറിയ താരമായി.

തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം. അതിനിടയിലാണ് വിവാഹ വാർത്ത വരുന്നത്.

താൻ പ്രണയത്തിലാണെന്ന വിവരം മുൻപ് ചില അഭിമുഖങ്ങളിൽ കീർത്തി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാമുകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കീർത്തി പുറത്തു വിട്ടിരുന്നില്ല. ആന്റണി തട്ടിലുമായുള്ള വിവാഹവാർത്തയ്ക്കൊപ്പം കീർത്തി ദീർഘകാലമായി പ്രണയത്തിലാണെന്ന വിവരം അദ്ഭുതത്തോടെയാണ് ആരാധകർ കേട്ടത്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പല ചോദ്യങ്ങൾ നേരിടേണ്ടി വന്നപ്പോഴെല്ലാം ‘താൻ സിംഗളല്ല’ എന്ന ഒറ്റവരിയിൽ താരം മറുപടി ഒതുക്കി. പഠനത്തിനു ശേഷം ഒട്ടേറെ മാധ്യമശ്രദ്ധ നേടുന്ന ചലച്ചിത്രലോകത്ത് എത്തിയിട്ടും പ്രണയം രഹസ്യമാക്കി സൂക്ഷിക്കാനായിരുന്നു താരത്തിന്റെ തീരുമാനം. എന്തായാലും, കീർത്തിയുടെ ദീർഘകാലത്തെ പ്രണയമാണ് വിവാഹത്തിലൂടെ സഫലമാകുന്നത്.

Advertisement