തിരുവനന്തപുരം. മത്സ്യത്തൊഴിലാളികൾക്ക് 17 കിലോയോളം വരുന്ന തിമിംഗല ഛർദ്ദി ലഭിച്ചു. മര്യനാട് നിന്ന് കടലിൽ പോയ മത്സ്യതൊഴിലാളികൾക്ക് ആണ് കോടികൾ വിലവരുന്ന തിമിംഗല ഛർദ്ദി ലഭിച്ചത്. മത്സ്യത്തൊഴിലാളികൾ തിമിംഗല ഛർദ്ദി വനം വകുപ്പിന് കൈമാറി.
മര്യനാട് നിന്ന് പോയ മത്സ്യത്തൊഴിലാളികൾക്ക് ഇന്ന് പുലർച്ചെയാണ് ഉൾക്കടലിൽ ഒഴുകിനടന്ന തിമിംഗലചർദ്ദി ലഭിച്ചത്. ഉച്ചയോടെ തീരത്ത് എത്തിയ മത്സ്യത്തൊഴിലാളികൾ വനം വകുപ്പിൻ്റെയും കോസ്റ്റൽ പോലീസിനെയും വിവരമറിയിച്ചു. പാലോട് സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസർ രാജേഷ് പിള്ളയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തിന് തിമിംഗല ഛർദ്ദി കൈമാറി. 16.790 കിലോ ഗ്രാം തിമിംഗല ചർദ്ദിയാണ് തൊഴിലാളികൾക്ക് ലഭിച്ചത്. കിലോയ്ക്ക് ഒരു കോടി രൂപ വരെ ഇതിന് വിളിയുണ്ട്.
തിമിംഗല ചർദ്ദിയുടെ ഗുണപരിശോധന രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റിയൂട്ടിൽ നടത്തും. മേഖലയിൽ ഇതാദ്യമായാണ് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്ന് തിമിംഗല ഛർദ്ദി ലഭിക്കുന്നത്.