മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു

Advertisement

മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ ചുരക്കുളം അപ്പര്‍ ഡിവിഷന്‍ കല്ലുവേലി പറമ്പില്‍ സ്വദേശി ജോബിന്‍ ആണ് മരിച്ചത്. സുഹൃത്ത് പ്രഭു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആംബുലന്‍സിന്റെ ബാറ്ററിയില്‍ കലര്‍ത്താന്‍ വെച്ച വെള്ളം ഇവര്‍ മദ്യത്തിലൊഴിച്ച് കുടിക്കുകയായിരുന്നു. സുഹൃത്തിന്റെ മൃതദേഹവുമായി തമിഴ്‌നാട്ടില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ കുമളിയില്‍ വച്ചാണ് സംഭവം.
വണ്ടിപ്പെരിയാര്‍ ചുരുക്കളം അപ്പര്‍ ഡിവിഷനില്‍ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞദിവസം തമിഴ്‌നാട് തിരുപ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. പ്രതാപിന്റെ മൃതദേഹവുമായി സുഹൃത്തുക്കളായ ജോബിനും പ്രഭുവും അടക്കം അഞ്ച് പേരാണ് ആംബുലന്‍സില്‍ നാട്ടിലേക്ക് വന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കുമളിയില്‍ എത്തി. ഈ സമയത്ത് ആംബുലന്‍സ് ചായ കുടിക്കാനായി നിര്‍ത്തി.
ഈ സമയത്ത് ജോബിനും പ്രഭുവും തമിഴ്‌നാട്ടില്‍ വച്ച് കഴിച്ചതിന്റെ ബാക്കി ഉണ്ടായിരുന്ന മദ്യം ആംബുലന്‍സിന്റെ ബാറ്ററിയില്‍ ഒഴിക്കാന്‍ വച്ചിരുന്ന വെള്ളം ഉപയോഗിച്ച് കലര്‍ത്തി കഴിക്കുകയായിരുന്നു. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവിടെ വച്ച് ജോബിന്‍ മരിച്ചു. പ്രഭുവിനെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Advertisement