ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗം, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Advertisement

കൊച്ചി.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ശ്രീധരൻ പിള്ളയുടെ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. യുവമോർച്ച സമ്മേളനത്തിലെ പ്രസംഗത്തിൽ ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിലായിരുന്നു കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരുന്നത്. സന്നിധാനത്ത് യുവതികൾ പ്രവേശിച്ചാൽ തുലാമാസ പൂജസമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്‍റെ ഉറപ്പിന്‍റെ പിന്‍ബലത്തിലായിരുന്നെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ശ്രീധരൻപിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചു എന്നായിരുന്നു കോഴിക്കോട് നന്മണ്ട സ്വദേശിയുടെ പരാതിയിൽ ഉണ്ടായിരുന്നത്. എന്നാൽ കോടതിവിധികളെ ന്യായമായി വിമർശിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കാൻ ആകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഗവർണറാണ് എന്നതിന്റെ സംരക്ഷണത്തിനും അർഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് ഹൈക്കോടതി റദ്ദാക്കിയത്.