പത്തനംതിട്ട: നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് വിദ്യാർത്ഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സഹപാഠികളിൽ നിന്നും അമ്മുവിന് മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് കുടുംബം ആരോപണമുന്നയിച്ചിരുന്നു.
ദിവസങ്ങൾ നീണ്ട വിദ്യാർത്ഥി സമരങ്ങൾക്ക് ഒടുവിലാണ് പോലീസ് നടപടി. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ് , ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത , കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന എന്നിവരുടെ അറസ്റ്റണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം നേരത്തെ മൊഴി നൽകിയിരുന്നു. അമ്മുവും മൂന്ന് സഹപാഠികളും ഉറ്റ ചങ്ങാതിമാർ ആയിരുന്നു . ഇവർക്കിടയിലെ ചെറിയ തർക്കങ്ങൾ രൂക്ഷമായ ഭിന്നതയിലേക്ക് നീങ്ങി. അമ്മുവിനെ ടൂർ കോഡിനേറ്റർ ആക്കിയതിനുൾപ്പെടെ മൂന്നംഗ സംഘം തർക്കത്തിൽ ഏർപ്പെട്ടു . ഇതിൻറെ പേരിൽ അടക്കം അമ്മുവിനെ മൂവരും മാനസികമായി പീഡിപ്പിച്ചതായാണ് പൊലീസ് കണ്ടെത്തൽ. ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി .