സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പ്

Advertisement

ശബരിമല. സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പിടികൂടി. രാവിലെ ഒമ്പതരയോടെ പതിനെട്ടാം പടിക്ക് താഴെയാണ് പാമ്പിനെ കണ്ടത്. വിഷമില്ലാത്ത കാട്ടു പാമ്പാണ് എന്ന് വനംവകുപ്പ് അറിയിച്ചു

പതിനെട്ടാംപടിക്ക് താഴെ അരവണ കൗണ്ടറുകളിലേക്ക് പോകുന്ന പടിക്കെട്ടിന്റെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. നൂറുകണക്കിന് ഭക്തര്‍ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരാണ് കൈവരിയില്‍ നീണ്ട നിവര്‍ന്നു കിടക്കുന്ന നിലയില്‍ രണ്ടടിയോളം നീളം വരുന്ന ആദ്യം കാണുന്നത്

ഉടന്‍തന്നെ ഈ ഭാഗത്ത് കൂടി തീര്‍ത്ഥാടകര്‍ അടിപ്പാതയിലേക്ക് കടക്കുന്നത് തടഞ്ഞു. സംഭവം അറിഞ്ഞ് പാഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ ഉള്ള ശ്രമത്തിനിടെ പാമ്പ് കൈവരിയില്‍ നിന്നും പടിക്കട്ടിലേക്ക് ചാടി. തുടര്‍ന്ന് ഇവിടെ നിന്നും പാമ്പിനെ പിടികൂടി കുപ്പിയില്‍ ആക്കി. ഇതോടെയാണ് 20 മിനിറ്റോളം നീണ്ടുനിന്ന ഉദ്വേഗത്തിന് വിരാമമായത്. വിഷമില്ലാത്തയിനം കാട്ടുപാമ്പ് ആണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്നിധാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിഷപ്പാമ്പുകളെ പിടികൂടാറുണ്ടെങ്കിലും പതിനെട്ടാം പടിക്ക് സമീപത്തു നിന്നും പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണ്.

.REPRESENTATIONAL IMAGE

Advertisement