പോലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയെ കൊലപ്പെടുത്തിയത് വിവാഹ മോചനക്കേസിന്റെ വൈരാഗ്യത്തിലെന്ന് പ്രതിയായ ഭർത്താവ്

Advertisement

കണ്ണൂര്‍. വനിതാ പോലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയെ കൊലപ്പെടുത്തിയത് വിവാഹ മോചനക്കേസിന്റെ വൈരാഗ്യത്തിലെന്ന് പ്രതിയായ ഭർത്താവ് രാജേഷിന്റെ മൊഴി. പയ്യന്നൂർ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ദിവ്യശ്രീയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

കാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന ദിവ്യശ്രീയും ഭർത്താവ് രാജേഷും ഏറെക്കാലമായി അകന്നു കഴിയുകയാണ്. ദിവ്യശ്രീ നൽകിയ
വിവാഹമോചനക്കേസ് ഇന്നലെ
കണ്ണൂർ കോടതി പരിഗണിച്ചിരുന്നു. വിവാഹമോചന ആവശ്യത്തിൽ ദിവ്യശ്രീ ഉറച്ചുനിന്നത് പ്രകോപനം. പണവും സ്വർണവും തിരിച്ചു ചോദിച്ചതും വൈരാഗ്യം വർധിപ്പിച്ചു. ഇതോടെ രാജേഷ് കൊലപാതകം ആസൂത്രണം ചെയ്തു. പയ്യന്നൂരിൽ നിന്ന് വെട്ടു കത്തിയും, 2 കുപ്പി പെട്രോളും വാങ്ങി. ഇന്നലെ വൈകിട്ട് ദിവ്യശ്രീയുടെ വീട്ടിലെത്തി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസു കണ്ണൂരിലെ ആശുപത്രിയിൽ തീവ്രചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

കൊലയ്ക്ക് പിന്നാലെ രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രി കണ്ണൂർ പുതിയതെരുവിലെ ബാറിൽ നിന്നാണ് പോലീസ് പിടികൂടിയത്.ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം, പയ്യന്നൂർ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Advertisement