പത്തനംതിട്ട. നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികൾ അറസ്റ്റിൽ.
ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. വൈദ്യ പരിശോധന പൂർത്തിയാക്കിയ പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞദിവസം രാത്രിയാണ് അമ്മുവിന്റെ മരണത്തിൽ മൂന്ന് സഹപാഠികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
രാവിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ് , ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത , കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി.അമ്മുവും മൂന്ന് സഹപാഠികളും ഉറ്റ ചങ്ങാതിമാർ ആയിരുന്നു . ഇവർക്കിടയിലെ ചെറിയ തർക്കങ്ങൾ രൂക്ഷമായ ഭിന്നതയിലേക്ക് നീങ്ങി. അമ്മുവിനെ ടൂർ കോഡിനേറ്റർ ആക്കിയതിനുൾപ്പെടെ മൂന്നംഗ സംഘം തർക്കത്തിൽ ഏർപ്പെട്ടു . ഇതിൻറെ പേരിലും അമ്മുവിനെ മൂവരും മാനസികമായി സമ്മർദ്ദപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ.അമ്മുവിൻറെ പിതാവ് നൽകിയ പരാതിയും
കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തലുകളും പ്രാഥമിക തെളിവായി പോലീസ് പരിഗണിച്ചു.ഇതിന്റെ
അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേർത്തത്. അമ്മുവിന്റെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിന് സമാനമായ കത്തും, ഡിജിറ്റൽ തെളിവുകളുമാണ് പോലീസിന്റെ കൈവശമുള്ള മറ്റു തെളിവുകൾ. വൈദ്യ പരിശോധന പൂർത്തിയാക്കിയ പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും