മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം, നാർക്കോട്ടിക് സെൽ അസി. കമ്മീഷണർക്ക്

Advertisement

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെതിരെ പൊലീസിൻറെ പ്രാഥമിക അന്വേഷണം. നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ വിവാദം അന്വേഷിക്കും. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് അന്വേഷണം. ഗോപാലകൃഷ്ണൻ്റെ പരാതിയിൽ നേരെത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് ഇന്നലെ നിയമോപദേശം ലഭിച്ചിരുന്നു. സിറ്റി പൊലിസ് കമ്മീഷണർക്കാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയത്. മതപരമായ വിഭാഗീയത ഉണ്ടാക്കാൻ ഗ്രൂപ്പ് തുടങ്ങിയതിൽ കേസെടുക്കാമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ മുഖാന്തരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ നിയമോപദേശത്തിൽ പറയുന്നത്. എന്നാൽ രേഖകൾ മുഴുവൻ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമാണ് പൊലീസ് നിലപാട്. അതിനാൽ തന്നെ വീണ്ടും നിയമോപദേശം തേടുമെന്നും പൊലീസ് പറയുന്നു.

വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്റെ സസ്പെൻഷനിലേക്ക് നയിച്ച മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് കേട്ടുകേൾവിയില്ലാത്ത വിധത്തിലായിരുന്നു. സർവ്വീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ഗ്രൂപ്പ്. ഫോൺ ഹാക്ക് ചെയ്ത് 11 വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ചേർത്തു എന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വിശദീകരണം.

Advertisement