പത്തനംതിട്ട. നഴ്സിംഗ് വിദ്യാർഥി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് സഹപാഠികളും റിമാൻഡിൽ. പ്രായം പരിഗണിച്ച് ജാമ്യം നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. കോടതിയിൽ നിന്നും ഇറക്കിയ പ്രതികൾക്ക് നേരെ എബിവിപി പ്രതിഷേധം.അതേസമയം അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും
കഴിഞ്ഞദിവസം രാത്രിയാണ് അമ്മുവിന്റെ മരണത്തിൽ മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ് , ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത , കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന എന്നിവരാണ് കേസിലെ പ്രതികൾ.പ്രതികൾക്ക് ജാമ്യം നൽകിയാൽ ഫോൺ രേഖകൾ അടക്കമുള്ള തെളിവുകൾ നശിപ്പിക്കപ്പെടും. പ്രതികളുടെ ഒരാളുടെ ലോഗ് ബുക്ക് ആണ് കാണാതായെന്നും അത് അമ്മു സജീവ് എടുത്തെന്ന് പറഞ്ഞുമാണ് പ്രധാന തർക്കം. ആ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
ആത്മഹത്യാപ്രേരണ കുറ്റം നിലനിൽക്കില്ലെന്നും പ്രതികളായ പെൺകുട്ടികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോയ പ്രതികൾക്ക് നേരെ എബിവിപി പ്രതിഷേധം
മൂന്ന് പ്രതികൾക്കെതിരെയും പോലീസ് നിലവിൽ ആത്മഹത്യാപ്രേരണ കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. പട്ടികജാതി പീഡനനിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്ക് എതിരെ കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.