കേരളം ചങ്കിടിപ്പോടെ കാത്തിരിക്കുന്ന വോട്ടെണ്ണൽ 8 ന് തുടങ്ങും

Advertisement

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾക്കായി ചങ്കിടിപ്പോടെ കാത്തിരിക്കുകയാണ് മുന്നണികൾ. രാവിലെ 8ന് വോട്ടെണ്ണൽ തുടങ്ങും 8.30തോടെ ആദ്യത്തെ ലീഡ് നില പുറത്ത് വരും.10 മണിയോടെ വിജയി ആരെന്ന് അറിയാൻ കഴിയും. വയനാടും ചേലക്കരയും നവംബർ 13 നും പാലക്കാട് കഴിഞ്ഞ ദിവസവുമാണ് ഉപതെരഞ്ഞെടുപ്പുകൾ നടന്നത്. കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ഇത്തവണ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എല്ലാ മുന്നണികളെയും ഒരു പോലെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട് 2021 ൽ 73.71 ശതമാനമായിരുന്ന പോളിംഗ് ഇത്തവണ 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലധികമാണ് വ്യത്യാസം. അതേസമയം, വയനാട്‌ ഉപതെരഞ്ഞെടുപ്പിൽ 64.72 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 2009ൽ മണ്ഡലം രൂപീകരിച്ചശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിംഗാണിത്. ആദ്യ തെരഞ്ഞെടുപ്പിൽ 74.14 ശതമാനം, 2014ൽ 73.25, 2019ൽ 80.33, 2024 എപ്രിലിൽ -73.57 എന്നിങ്ങനെയായിരുന്നു പോളിംഗ്. കൂടാതെ ചേലക്കരയിൽ 72.77 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.
എന്തായാലും അവസാന നിമിഷം വരെ വിവാദങ്ങൾ പെയ്തിറങ്ങിയ പാലക്കാട്ടെ വിധിയെഴുത്തും കഴിഞ്ഞതോടെ, ഉപതെഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളുടെയും ഫലത്തിൽ ആകാംക്ഷയോടെ ഉറ്റുനോക്കിയിരിക്കുകയാണ് രാഷ്ട്രീയ കേരളം. സിറ്റിംഗ് സീറ്റായ വയനാടും പാലക്കാടും നിലനിറുത്തുന്നതിനൊപ്പം സി.പി.എമ്മിന്റെ ചേലക്കര കൂടി പിടിച്ചെടുക്കാനുള്ള യു.ഡി.എഫിന്റെ കാടിളക്കിയുള്ള പോരാട്ടം എത്ര മാത്രം വിജയം കണ്ടു ?​ മൂന്ന് പതിറ്റാണ്ടായി ചെങ്കൊടിയെ ചേർത്തുപിടിക്കുന്ന ചേലക്കര കൈവിടാതെ നോക്കാനും പാലക്കാട്ടും വെന്നിക്കൊടി പാറിക്കാനും എൽ.ഡി.എഫ് നടത്തിയ പ്രചാരണ തന്ത്രങ്ങൾ സഫലമാവുമോ ? ബി.ജെ.പിയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തി കേന്ദ്രത്തിൽ തൃശൂർ മോഡൽ വിജയമെന്ന എൻ.ഡി.എയുടെ മോഹം പൂവണിയുമോ ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് ഇന്നത്തെ ഫലത്തിലൂടെ പുറത്തുവരുന്നത്.

Advertisement