ഒരു തെക്കൻ കാറ്റിൽ പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

Advertisement

പാലക്കാട്: ഒരു തെക്കൻ കാറ്റിൽ പാലക്കാടൻ കോട്ട രാഹൂലിൻ്റെ കരങ്ങളിലേക്ക്.18669 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി. വോട്ടെണ്ണലിൻ്റെ ഓരോ ഘട്ടത്തിലും ലീഡ് നില മാറി മറിഞ്ഞ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പലിൻ്റെ പിൻഗാമിയായി പാലക്കാടൻ തേര് തെളിച്ച് ഇനി രാഹൂൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്ക്.
ബിജെപിയുടെ ഉറച്ച കോട്ടകളിൽ പോലും വിള്ളലുണ്ടാക്കിയാണ് രാഹൂലിൻ്റെ തേരോട്ടം. പത്തനംതിട്ട ജില്ലയിലെ അടൂർ മുണ്ടപ്പള്ളിയിൽ നിന്ന് പാലക്കാട്ടെത്തി ശക്തമായ ത്രികോണ മത്സരത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയ രാഹൂൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ നിരവധി സമരങ്ങളിലൂടെ വളർന്ന് വന്ന യുവനേതാവാണ്.

2021-ൽ ഫോട്ടോ ഫിനിഷിലൂടെയായിരുന്നു മെട്രോമാൻ ഇ.ശ്രീധരനെതിരെ ഷാഫി പറമ്പിലിന്റെ ഹാട്രിക് വിജയം. വോട്ടെണ്ണലിന്റെ ഒമ്പതാം റൗണ്ടിൽ പോലും കഴിഞ്ഞ തവണ ഷാഫിക്കെതിരേ 9046 വോട്ടിന്റെ ലീഡുയർത്തൻ ഇ.ശ്രീധരന് കഴിഞ്ഞിരുന്നു. പക്ഷെ, നഗരസഭാ പരിധിയിൽനിന്ന് ഗ്രാമസഭാ പരിധിയിലേക്ക് വോട്ടെണ്ണൽ എത്തിയതോടെ ശ്രീധരന്റെ ലീഡ് കുത്തനെ താഴുകയായിരുന്നു. ഒടുവിൽ 3859 വോട്ടിന്റെ ലീഡിൽ ഷാഫി വിജയിച്ചുകയറുകയും ചെയ്തു.

2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ 497 വോട്ടിൻ്റെ ഭൂരിപക്ഷം ബിജെപിക്കുണ്ടായിരുന്നു.പിരായിരി പഞ്ചായത്തിൽ 6388 വോട്ടുകളുടെ ലീഡ് യൂ ഡി എഫും, കണ്ണാടിയിൽ 419, മാത്തൂർ പഞ്ചായത്തിൽ 332 വോട്ടിൻ്റെയും ലീഡ് എൽഡിഎഫ് നേടിയിരുന്നു.

ഇത്തവണ രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർഥിത്വം, ഡോ.പി.സരിൻ കോൺഗ്രസ് വിട്ട് എൽ.ഡി.എഫ് സ്ഥാനാർഥിയായുള്ള മത്സരം, ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം, പാർട്ടിക്കുള്ളിലെ പടലപ്പിണക്കം എന്നിവയെല്ലാം കോൺഗ്രസിന് തലവേദന ആയിരുന്നുവെങ്കിൽ ഇതിനെ മറികടക്കുന്നതാണ് വോട്ടിങ് എന്നാണ് രാഹുലിൻറെ മുന്നേറ്റം നൽകുന്ന സൂചന

Advertisement