ചേലക്കരയുടെ ചെന്താരമായി  യു ആർ പ്രദീപ് , ഭൂരിപക്ഷം 12122 വോട്ടുകൾ

Advertisement

തൃശൂര്‍: ചേലക്കരയിലെ ചെന്താരമായി യു ആർ പ്രദീപ്.
ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1212 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി വിജയം. പ്രദീപിന്റെ സൗമ്യതയും ഇടപെടലും ജനകീയതയും എൽഡിഎഫിന്റെ പ്ലസ് പോയിന്റുകളായിരുന്നു.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വമ്പൻ കുതിപ്പ് നടത്തുമ്പോൾ ചെങ്കോട്ടയാണീ ചേലക്കര എന്നാണ് കെ രാധാകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്‍റെ മുന്നേറ്റം. ചേലക്കരയില്‍ പി വി അൻവറിന്‍റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല

വിവാദങ്ങളുടെ കുത്തൊഴുക്കിലും ചേലക്കരയുടെ ചുവപ്പുമായാതെ നിന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടി സമ്മേളനങ്ങളിൽ അത് കൂടുതൽ കരുത്ത് പകരും. ചേലക്കരയിൽ തമ്പടിച്ച് പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയായിരുന്നു. തൃശൂർ പൂരം കലക്കൽ കരുവന്നൂർ വിവാദം അടക്കം കടുത്ത വിവാദങ്ങൾ സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ചാണ് എൽഡിഎഫ് ഈ വിജയം നെയ്തെടുത്തത്. സിപിഎമ്മിന്റെ സംഘടന സംവിധാനത്തിന്റെ ശക്തി വിളിച്ചോതുന്നു ഈ വിജയം. 2026 ലേക്ക് സിപിഎമ്മിന് പ്രതീക്ഷ നൽകുന്നത് കൂടിയാണ് ഈ വിജയം.

രണ്ടാം പിണറായി സർക്കാർ വന്നശേഷം ഇതാദ്യമായാണ് ഒരു ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിക്കുന്നത്. മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനെ സിപിഎം ആലത്തൂരിൽ മത്സരിപ്പിച്ചത് തന്നെ കൈവിട്ട കോട്ട തിരിച്ചുപിടിക്കാനായിരുന്നു. ഒന്നര ലക്ഷം വോട്ടിന് പി.കെ ബിജുവിനെ തോൽപിച്ച് രമ്യ ഹരിദാസ് പിടിച്ചെടുത്ത മണ്ഡലം 20,000 വോട്ടിന് രാധാകൃഷ്ണൻ തിരിച്ചുപിടിച്ചു. ഒരു കോട്ട തിരിച്ചുപിടിക്കുമ്പോൾ കൈയിലുണ്ടായിരുന്ന കോട്ട കൈവിട്ടാൽ അത് വലിയ ക്ഷീണമാകുമായിരുന്നു. യു.ആർ പ്രദീപ് പാർട്ടിയുടെ വിശ്വാസം കാത്തു.

Advertisement