ഇന്ന് ദേശീയ കശുവണ്ടി ദിനം… ബ്രസീലില്‍ നിന്നും ഇന്ത്യയുടെ മണ്ണിലേക്ക് വേരുറപ്പിച്ച കശുവണ്ടി

Advertisement

ഇന്ന് ദേശീയ കശുവണ്ടി ദിനം. പണ്ടുകാലങ്ങളില്‍ നാട്ടിന്‍പുറത്ത് സുലഭമായിരുന്ന കശുവണ്ടി പെറുക്കിയെടുത്ത്, ഒരുമിച്ചിരുന്ന് കരിയില കത്തിച്ച് ചുട്ടെടുത്ത് കഴിച്ചിരുന്ന ഓര്‍മ്മകള്‍ പലര്‍ക്കുമുണ്ടാകും. അണ്ടിപ്പരിപ്പ് ചൂട് തട്ടി വേവുന്നതിന്റെ മണം ഓര്‍മകളില്‍ അടരാതെ കിടക്കുന്നുമുണ്ടാകും. അതെല്ലാം ഇപ്പോള്‍ നൊസ്റ്റാള്‍ജിയയുടെ പട്ടികയിലാണ്. എങ്കിലും കശുവണ്ടിപ്പരിപ്പിനോടുള്ള പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല. പകരം വെയ്ക്കാനില്ലാത്ത രുചിയും പോഷകഗുണവുമാണ് എല്ലായ്‌പ്പോഴും അതിനെ ഹൈ ക്ലാസ് നട്‌സ് ഇനത്തില്‍ ഉള്‍പ്പെടുത്തുന്നതിന് കാരണം.
പുതിയ കാലത്ത് പല ഗുണ നിലവാരത്തില്‍, പല രീതിയില്‍ തയ്യാറാക്കി പാക്ക് ചെയ്ത കശുവണ്ടി പരിപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. ചുട്ടെടുത്തതും, റോസ്റ്റ് ചെയ്തതും ഫ്രഷ് ആയതുമെല്ലാം. പക്ഷെ വില, അത് കശുവണ്ടി കറയേക്കാള്‍ പൊള്ളും. എങ്കിലും കശുവണ്ടിയോടുള്ള കൊതി കാരണം വില കൂടുതലാണെങ്കിലും ഒഴിച്ചുനിര്‍ത്താന്‍ കഴിയാറില്ല. നമുക്ക് മാത്രമല്ല, ലോകത്തെല്ലായിടത്തും പ്രിയമുള്ളതാണ് കശുവണ്ടി.
ജനങ്ങളുടെ ഈ കശുവണ്ടിയോടുള്ള പ്രിയമാണ് കശുവണ്ടിക്കായി ഒരു ദിനം വേണമെന്ന ആശയത്തിന് പിന്നിലും. ബ്രസീലിലെ ആമസോണ്‍ കാടുകളാണ് കശുമാവിന്റെ സ്വദേശം എന്നാണ് വിശ്വാസം. പിന്നീട് പോര്‍ച്ചുഗീസുകാരാണ് കശുവണ്ടിയെ വിവിധ ഭൂഖണ്ഡങ്ങളില്‍ എത്തിച്ചത്.

കശുവണ്ടിയുടെ ആരോഗ്യഗുണങ്ങള്‍
കശുവണ്ടിയില്‍ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിക്കും.
മഗ്‌നീഷ്യം, പൊട്ടാസ്യം, എല്‍-അര്‍ജിനൈന്‍ തുടങ്ങിയ ധാതുക്കളും ആരോഗ്യകരമായ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളും കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. അവ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
കശുവണ്ടിയില്‍ അടങ്ങിയ സിങ്കും വിറ്റാമിനുകളും രോഗപ്രതിരോധത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
കശുവണ്ടിയിലെ കോപ്പറും കാല്‍സ്യവും എല്ലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
കശുവണ്ടിയില്‍ അടങ്ങിയിട്ടുള്ള കോപ്പര്‍ മുടിയുടെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഫാറ്റി ആസിഡുകള്‍ മുടിയുടെ തിളക്കവും ആരോഗ്യവും സംരക്ഷിക്കുന്നു.
സിങ്ക് ധാരാളമായി അടങ്ങിയിട്ടുള്ള കശുവണ്ടി പുരുഷന്മാരില്‍ ബീജത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Advertisement