തൃശൂര്‍. ഉപതെരഞ്ഞെടുപ്പിൽ യാതൊരു ചലനവും ഉണ്ടാക്കാനാവാതെ പിവി അൻവറിന്റെ ഡിഎംകെ.
ചേലക്കരയിൽ നിർണായക ശക്തിയാകുമെന്ന പ്രഖ്യാപനം പാഴായി.
4000 വോട്ട് തികച്ച് നേടാനാവാതെയാണ്
ഡിഎംകെയുടെ കന്നി മത്സരം.
ചേലക്കരയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ടാണ് പിവി അൻവറിന്റെ ഡിഎംകെ സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ നൽകിയത്.
പിണറായിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പോരിനിറങ്ങി ഇടതു വോട്ടുകൾ പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.
എഐസിസി അംഗമായിരുന്ന എൻ കെ സുധീറിനെ കോൺഗ്രസിൽ നിന്നും അടർത്തിയെടുത്ത് സ്ഥാനാർത്ഥിയാക്കി.
ഇതുവഴി കോൺഗ്രസ് വോട്ടുകളും അൻവർ പ്രതീക്ഷിച്ചു.
പക്ഷേ, പെട്ടി പൊട്ടിച്ചപ്പോൾ അൻവറിന്റെ കണക്കുകൂട്ടലുകൾ പൊട്ടിപ്പാളീസായി.
ആകെ നേടാനായത് 3920 വോട്ടുകൾ.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും നേരിയ വെല്ലുവിളി ഉയർത്താൻ പോലും എൻ കെ സുധീറിനായില്ല.
കിട്ടിയതത്രയും പിണറായിസത്തിനതിരായ വോട്ടെന്ന് പിവി അൻവർ.
അൻവറിനെ പണ്ടേ ജനം തള്ളിക്കളഞ്ഞതെന്ന് കെ രാധാകൃഷ്ണൻ എംപി പ്രതികരിച്ചു. പിവി അൻവറിന്റെ പാർട്ടി രൂപീകരണ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.