വയനാട്. കന്നിയങ്കത്തിനിറങ്ങിയ പ്രിയങ്കഗാന്ധിക്ക് ദേശീയനേതാവിന് യോജിച്ച മിന്നും വിജയം. കഴിഞ്ഞ തവണ രാഹുല്‍ഗാന്ധി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് പ്രിയങ്ക വെന്നിക്കൊടിനാട്ടിയത്. 4ലക്ഷത്തിപതിനായിരത്തിലധികം വോട്ടുകള്‍ പ്രിയങ്ക നേടി. ഇടതുവോട്ടുകളിലും എന്‍ഡിഎ വോട്ടുകളിലും ഇടിവുണ്ടായി. വോട്ടുകുറഞ്ഞതില്‍ പരിശോധന നടക്കുമെന്ന് സിപിഐ-ബിജെപി നേതൃത്വങ്ങള്‍ വ്യക്തമാക്കി. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിന്‍റെ സുവര്‍ണമുദ്രയാണ് വയനാട്ടിലുണ്ടായത്.
കഴിഞ്ഞ തവണ രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം 3 ലക്ഷത്തി അറുപത്തിനാലായിരം. പ്രിയങ്കയുടെ ഭൂരിപക്ഷം 4ലക്ഷത്തി പതിനായിരത്തിലധികം വോട്ടുകള്‍. ആകെ നേടിയ വോട്ടുകള്‍ ആറ് ലക്ഷത്തി ഇരുപത്തിരണ്ടായിരമാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ആകെ നേടിയ വോട്ടുകളുടെ എണ്ണത്തില്‍ കുറവുണ്ടായി. എതിര്‍സ്ഥാനാര്‍ത്ഥികളായ എല്‍ഡിഎഫിലെ സത്യന്‍മൊകേരിക്കും ബിജെപിയിലെ നവ്യഹരിദാസിനുംലഭിച്ചത് യഥാക്രമം രണ്ട് ലക്ഷത്തി പതിനൊന്നായിരം, ഒരുലക്ഷത്തി ഒമ്പതിനായിരം വോട്ടുകള്‍. വിജയത്തിന് പ്രിയങ്കാഗാന്ധി വയനാട്ടിലെ ജനതയോട് നന്ദിരേഖപ്പെടുത്തി. ഉടന്‍ വയനാട്ടിലെത്തുമെന്നും ഉറപ്പ്.
വോട്ടുകുറഞ്ഞതില്‍ പരിശോധനയുണ്ടാകുമെന്നും പോളിംഗ് ശതമാനത്തിലെ ഇടിവ് എല്ലാസ്ഥാനാര്‍ത്ഥികളെയും ബാധിച്ച പോലെ എല്‍ഡിഎഫിനെയും ബാധിച്ചിട്ടുണ്ടെന്നുമാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്.
പുതുമുഖമെന്ന നിലയില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് ബിജെപി സ്ഥാനാര്‍ഥി നവ്യഹരിദാസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ കെ സുരേന്ദ്രന്‍ നേടിയതിനേക്കാള്‍ ഒരു ശതമാനം വോട്ടിന്റെ കുറവ് മാത്രമാണ് ഉണ്ടായതെന്നും സ്ഥാനാര്‍ത്ഥി പ്രതികരിച്ചു.
വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പ്രകടനംനടത്തി