സ്വപ്നസാക്ഷാത്കാരം! മരണത്തെ തോല്‍പ്പിച്ച് ശബരിമലയിലെത്തിയ മനുവിന് ഇത് ദൈവനിയോഗം; അന്നദാനപുരയിലെ അയ്യപ്പചരിതം

Advertisement

പത്തനംതിട്ട: ശബരിമലയിലെ അന്നദാനപുരയുടെ ചുവരുകളിൽ അയ്യപ്പചരിതമെഴുതുകയാണ് ചിത്രകാരനായ പത്തനാംപുരം സ്വദേശി മനു. ഇടംകൈമാത്രമുള്ള ഈ ചിത്രകാരൻ ആദ്യമായാണ് ശബരിമല സന്നിധാനത്തെത്തുന്നത്. പൊള്ളുന്ന ജീവിതത്തിൽ നിന്നും സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയാണ് മനുവിന്‍റെ ജീവിതം.ജന്മനാ വലതുകൈ ഇല്ലാത്ത മനുവിന്‍റെ ഇടതുകാലിനും സ്വാധീനിമില്ല. എന്നാൽ, ഈ പരിമിതികളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് മനു ക്യാന്‍വാസിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കുന്നത്.

കുഞ്ഞുനാള്‍ മുതലെ മനസിലെ ക്യാൻവാസിൽ ഒരുപാട് സ്വപനങ്ങള്‍ വരച്ചിട്ടു. ചിത്രകലപൂർത്തിയാക്കാൻ പലപ്പോഴും മനുവിന് പണമുണ്ടായിരുന്നില്ല. ദാരിദ്രംകാരണം ഒരു നല്ല ക്യാൻവാസ് വാങ്ങി പടംവരക്കാൻ കഴിഞ്ഞിട്ടില്ല. വർണവും വരയും മനസിലുണ്ടെങ്കിലും ഇരുളടഞ്ഞ ജീവിതം നയിക്കാൻ ചിത്രകാരൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റെഴുതി. അതുകൂടാതെ കുടുംബം പുലര്‍ത്താൻ റബ്ബര്‍ ടാപ്പിങിനും പോയി.

റബര്‍ വെട്ടുന്നതിനടെ തെന്നിവീണ് സ്വാധീനമില്ലാത്ത കൈവീണ്ടും ഒടിഞ്ഞു. ഏറെനാള്‍ ചികിത്സ തുടരേണ്ടിവന്നു. ഇതോടെ രണ്ടു കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം പട്ടിണിയായി. വരച്ച് ജീവിക്കാൻ കഴിയുന്നില്ല. ഒപ്പം കൂലിപ്പണിക്കും പോകാൻ പറ്റുന്നില്ല. ചിന്തിച്ചുകൂട്ടിയ ഏതോ നിമിഷത്തിൽ ഒരു തുണ്ടുകയറിൽ ജീവിതം അവസാനിപ്പിക്കാൻ മനു തീരുമാനിച്ചുവെങ്കിലും മരണം കീഴ്പ്പെടുത്തിയില്ല. ജീവിതത്തിലേക്ക് തിരിച്ചുവന്ന ചിത്രകാരൻ താൻ ജീവനൊടുക്കാൻ തെരഞ്ഞെടുത്ത വൃക്ഷം വീണ്ടും കാണാൻ പോയി. ആ വൃക്ഷ ചുവട്ടിൽ വെച്ച് പഴയൊരു സ്നേഹിതൻ മനുവിനെ ഒരു ക്ഷേത്ര ചുമരിൽ ചിത്രം വരയ്ക്കാൻ ക്ഷണിച്ചു. ആ വര ജീവിതം മാറ്റിവരച്ചു. കൊട്ടാരക്കര ഗണിപതിക്ഷേത്രത്തിലെ ചുമർചിത്രം കണ്ടാണ് ദേവസ്വം പ്രസിഡന്റ് ശബരിമലയിൽ ചിത്രം വരയ്ക്കാൻ ക്ഷണിച്ചത്.

ചിത്രം വര മാത്രമാണിപ്പോള്‍ ഉപജീവനമെന്നും സ്വന്തമായി ഒരു വീടുപോലുമില്ലെന്നും ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടാണ് ഇപ്പോഴും ഇങ്ങനെ മുന്നോട്ട് പോകുന്നതെന്നും ഇതെല്ലാം ദൈവനിയോഗമാണെന്നും പറഞ്ഞവസാനിപ്പിക്കുമ്പോള്‍ മനുവിന് കണ്ണീരടക്കാനായിരുന്നില്ല. കുട്ടികാലമുതൽ അയ്യപ്പന്‍റെ ചിത്രം വരയ്ക്കണമെന്ന മോഹമാണ് സന്നിധാനത്ത് സാക്ഷാത്കരിച്ചത്. ഒരു ദിവസം കൊണ്ട് ഒരു ചിത്രം വരച്ചു തീർക്കും. അങ്ങനെ 25 ചിത്രങ്ങളിലൂടെ അയ്യപ്പചരിത വരയ്ക്കുകയാണ് മനുവിന്‍റെ ലക്ഷ്യം. ഈ വര കണ്ട നിരവധി തീർത്ഥാടകർ അവരുടെ ക്ഷേത്രങ്ങളിലേക്ക് വരയ്കക്കാൻ മനുവിനെ ക്ഷണിക്കുന്നുണ്ട്. അതിനുപുറമെ മനുവിന് സഹായവും നൽകുന്നുണ്ട്.

Advertisement