അങ്കണവാടിയിൽ വീണ് കുഞ്ഞിന് ഗുരുതര പരിക്ക്; വിവരം മറച്ചുവച്ച് ജീവനക്കാർ

Advertisement

തിരുവനന്തപുരത്ത് അങ്കണവാടിയില്‍ വച്ച് വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം മാറനല്ലൂരാണ് സംഭവം. കുട്ടി വീണ് പരിക്കേറ്റ കാര്യം വീട്ടുകാരെ അറിയിച്ചില്ലെന്നാണ് രക്ഷകര്‍ത്താക്കള്‍ ആരോപിക്കുന്നത്.
കഴുത്തിന് പിന്നില്‍ ക്ഷതമേറ്റ പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകള്‍ വൈഗ എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരം അങ്കണവാടി ജീവനക്കാര്‍ മറച്ചുവെച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.
കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നായിരുന്നു അങ്കണവാടി ജീവനക്കാര്‍ വീട്ടുകാര്‍ക്ക് നല്‍കിയ മറുപടി. ഉച്ചയ്ക്ക് നടന്ന സംഭവം കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അറിയുന്നത് രാത്രിയാണ്. അംഗന്‍വാടിയില്‍ നിന്ന് തിരികെയെത്തിയ കുട്ടിയ്ക്ക് ഭക്ഷണം കൊടുത്തപ്പോള്‍ ഛര്‍ദിച്ചു. മാത്രമല്ല ‘മകളുടെ കണ്ണില്‍ ഒക്കെ ചെറിയ കുഴപ്പമുണ്ടായിരുന്നു. വൈകിട്ട് വീട്ടിലെത്തിയിട്ടും വൈഗ ഭയങ്കര കരച്ചിലായിരുന്നു. തലയ്ക്കു വേദനയെടുക്കുന്നതായി അമ്മ സിന്ധുവിനോടു പറഞ്ഞു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് തലയില്‍ ചെറിയ വീക്കം കാണപ്പെട്ടത്. തുടര്‍ന്ന് അംഗന്‍വാടി ജീവനക്കാരെ വിളിക്കപ്പോഴാണ് കാര്യം അറിയുന്നത്. എന്താണ് കാര്യമെന്നു വിളിച്ചുചോദിച്ചപ്പോള്‍ കുട്ടി വീണ കാര്യം പറയാന്‍ മറന്നുപോയയെന്നാണ് ഇവര്‍ പറഞ്ഞത്.
മാറനല്ലൂര്‍ വാര്‍ഡിലെ പോലീസ് സ്റ്റേഷനു സമീപമുള്ള അങ്കണവാടിയില്‍ വ്യാഴാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം. കുഞ്ഞിന്റെ തലയോട്ടി പൊട്ടിയിട്ടുണ്ട്, തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്, തോളെല്ല് പൊട്ടിയിട്ടുണ്ട്. സ്പൈനല്‍ കോര്‍ഡിലും ക്ഷതം ഏറ്റിട്ടുണ്ട്. ഒരു വാക്കെങ്കിലും വിളിച്ചു പറഞ്ഞുകൂടായിരുന്നോ എന്നാണ് കുട്ടിയുടെ അച്ഛന്‍ ചോദിക്കുന്നത്.

Advertisement