മുത്തൂരിൽ മരം മുറിക്കാനായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കോൺട്രാക്ടർ അറസ്റ്റിൽ

സിയാദ്
Advertisement

തിരുവല്ല. മുത്തൂരിൽ മരം മുറിക്കാനായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കോൺട്രാക്ടർ അറസ്റ്റിൽ. തിരുവല്ല കവിയൂർ സ്വദേശി പി കെ രാജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുന്നറിയിപ്പില്ലാതെ കയർ കെട്ടിയത് അപകടകാരണം എന്ന് എഫ്ഐആർ.

കഴിഞ്ഞ ദിവസമാണ് മരം മുറിക്കാനായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ ആലപ്പുഴ തകഴി സ്വദേശി സിയാദ് മരിച്ചത്.
പായിപ്പാട്ടെ ബന്ധുവീട്ടിൽ നിന്ന് വൈകിട്ട് ഭാര്യക്കും മക്കൾക്കും ഒപ്പം സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം. മുത്തൂർ സ്കൂൾ വളപ്പിലെ മരങ്ങൾ മുറിച്ചു നീക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ വഴി തിരിച്ചു വിടാൻ റോഡിൽ കയർ കെട്ടിയിരുന്നത്. കരാറുകാരന്റെ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് എഫ്ഐആർ. കരാറുകാരനെയും തൊഴിലാളികളെയും സംഭവസ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കരാറുകാരൻ രാജന് എതിരെ മനപൂർവ്വം അല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
തൊഴിലാളികളെ ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടില്ല. അതേ സമയം വണ്ടാനം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം സിയാദിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Advertisement