നവംബര്‍ 26, 27, 28 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Advertisement

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ന്യൂനമര്‍ദ്ദം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച് തുടര്‍ന്നുള്ള രണ്ട് ദിവസത്തില്‍ തമിഴ്‌നാട്-ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 26, 27, 28 തിയ്യതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും 27ന് ഇടുക്കി, എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും 28ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്കന്‍ കേരള തീരത്ത് നവംബര്‍ 25 മുതല്‍ 29 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് അറിയിപ്പുണ്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കാരണം ആ ഭാഗങ്ങളിലേക്കും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Advertisement