അങ്കണവാടിയിൽ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവം; ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്

Advertisement

തിരുവനന്തപുരം:അങ്കണവാടിയിലെ ജനലില്‍ നിന്ന് വീണ് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടിയിലെ ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മാറനല്ലൂരിര്‍ അങ്കണവാടിയിലെ ടീച്ചർ ശുഭ ലക്ഷ്മി, ഹെല്‍പ്പര്‍ ലത എന്നിവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മാറനല്ലൂർ പൊലീ്സ് കേസ് എടുത്തത്. 75 ജെജെ ആക്ട് പ്രകാരം ആണ് കേസെടുത്തത്. വിദഗ്ധ ഉപദേശം തേടിയ ശേഷമാണ് പൊലീസ് ജാമ്യം ഇല്ല വകുപ്പ് പ്രകാരം കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഇരുവരെയും വനിത ശിശു വികസന ഓഫീസർ വകുപ്പ് തല നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തിരുന്നു പിന്നാലെയാണ് ഇപ്പോൾ പൊലീസ് നടപടി

അതേസമയം, സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് കുട്ടിയുടെ അച്ഛൻ രതീഷ് ഇന്നലെ വ്യക്തമാക്കിയത്. അങ്കണവാടി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായി. പ്രാഥമിക ശുശ്രൂഷ പോലും നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും രതീഷ് പറഞ്ഞിരുന്നു. കുഞ്ഞിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും രതീഷ് കൂട്ടിച്ചേര്‍ത്തു.

മാറനല്ലൂർ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വീണ് ഗുരുതര പരിക്കേറ്റത്. കുഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും നൽകാനോ അങ്കണവാടി ജീനക്കാര്‍ തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.

വ്യാഴാഴ്ച വൈകുന്നേരം പതിവ് പോലെ മകളെ മാറനല്ലൂരിലുള്ള അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് അച്ഛൻ കൂട്ടികൊണ്ടുവന്നു. കുഞ്ഞ് തീർത്തും ക്ഷീണിതയായിരുന്നു. അൽപ്പ സമയത്തിന് ശേഷം കുട്ടി നിർത്താതെ ഛർദ്ദിക്കാനും തുടങ്ങി. വൈഗയുടെ ഇരട്ട സഹോദരനും ഇതേ അങ്കണവാടിയിലാണ് പഠിക്കുന്നത്. വൈഗ ഉച്ചയ്ക്ക് ജനലിൽ നിന്ന് വീണിരുന്നുവെന്ന് സഹോദരനാണ് മാതാപിതാക്കളോട് പറയുന്നത്. കുട്ടിയുടെ അമ്മ പരിശോധിച്ചപ്പോൾ തലയുടെ പുറക് വശം മുഴച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കണ്ടലയിലെ ആശുപത്രിയിലും തിരുവനന്തപുരം എസ് എ ടിയിലും കുട്ടിയെ എത്തിച്ചു. കുഞ്ഞിന് സ്പൈനൽ കോഡിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തലയിൽ ആന്തരിക രക്തസ്രാവവുമുണ്ടായിരുന്നു. നിലവിൽ എസ്എടിയിൽ ചികിത്സയിലാണ് വൈഗ.

Advertisement