പന്തീരങ്കാവ് ഭാര്യാ മർദ്ദനം: ഭർത്താവ് രാഹുൽ റിമാൻഡിൽ

Advertisement

കോഴിക്കോട്. ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് കേസിൽ ഉൾപ്പെട്ട യുവതിയെ വീണ്ടും മർദ്ദിച്ച പരാതിയിൽ കസ്റ്റഡിയിലായ ഭർത്താവ് രാഹുൽ പി ഗോപാലിനെ റിമാൻഡ് ചെയ്തു. യുവതി പന്തീരാങ്കാവ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് രാഹുൽ പി ഗോപാലിന് എതിരെ ഗാർഹിക പീഡനത്തിനും നരഹത്യയ്ക്കും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ രാഹുൽ പി ഗോപാൽ ക്രൂരമായി മർദിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ പരാതി. മീൻകറിയിൽ പുളിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി ചികിത്സ തേടി. വിവരമറിഞ്ഞതിനെ തുടർന്ന് എറണാകുളത്തുനിന്ന് വന്ന രക്ഷിതാക്കൾക്കൊപ്പം എത്തിയാണ് യുവതി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിന് എതിരെ പന്തീരാങ്കാവ് പോലീസ് കേസെടുത്തു. ഗാർഹികപീഡനത്തിനും നരഹത്യയ്ക്കുമുള്ള വകുപ്പുകളാണ് ചുമത്തിയത്.

വീട്ടിൽ വച്ചും ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിൽ വച്ചും യുവതിയെ രാഹുൽ മർദ്ദിച്ചതായി എഫ്ഐആറിൽ പറയുന്നു. മുഖത്തും തലയ്ക്കും കൈകൊണ്ട് ഇടിച്ചു. മരണം വരെ സംഭവിക്കുമായിരുന്നുവെന്നും എഫ്ഐആറിലുണ്ട്. ഇന്നു പുലർച്ചെയാണ് രാഹുൽ പി ഗോപാലിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. നേരത്തെ, യുവതി നൽകിയ പരാതിയിൽ രാഹുലിനെതിരെ പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തിരുന്നു. എന്നാൽ യുവതി പരാതി പിൻവലിച്ചതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. രാഹുലിനൊപ്പം തുടരാനാണ് താല്പര്യം എന്ന് യുവതി അറിയിച്ചതിനെത്തുടർന്നാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.

Advertisement