തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും. കൊലപാതകം നടത്തുന്നതിനു മുന്‍പ് കേഡല്‍ ജിന്‍സണ്‍ രാജ നിരവധി തവണ ഡമ്മിയില്‍ പരീക്ഷണം നടത്തിയിരുന്നതായി മൊഴി. കേസ് പരിഗണിക്കുന്ന ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ സൈബര്‍ സെല്‍ എസ്‌ഐ പ്രശാന്ത് ആണ് മൊഴി നല്‍കിയത്. കേഡലിന്റെ ലാപ്‌ടോപ്പ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍ എന്നും മൊഴിയില്‍ പറയുന്നു.
കൊല ചെയ്യുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ മാതാപിതാക്കളുടെ ഡമ്മി നിര്‍മിച്ച ശേഷം ട്രയല്‍ നടത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ മഴു ഉപയോഗിച്ച് കഴുത്ത് മുറിക്കുന്നത് കണ്ട് പഠിച്ചതായും കേഡലിന്റെ ലാപ്‌ടോപ്പ് പരിശോധിച്ചപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് പ്രശാന്തിന്റെ മൊഴിയില്‍ പറയുന്നത്.
2017 ഏപ്രില്‍ എട്ടിനാണ് കേഡല്‍ ജിന്‍സണ്‍ രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടിലാണ് പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതുവരെ 21 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു.