വിജയലക്ഷ്മിയുടെ കൊലപാതകം പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Advertisement

അമ്പലപ്പുഴ: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊന്നു കുഴിച്ചുമൂടിയ കേസിലെ കരുര്‍ സ്വദേശി ജയചന്ദ്രനെ ഇന്ന്  പോലീസ് കസ്റ്റഡിയില്‍ വാങ്ങും. സംഭവ ശേഷം അറസ്റ്റിലായി കൊല്ലം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജയചന്ദ്രനെ കസ്റ്റഡിയില്‍ കിട്ടാന്‍ അമ്പലപ്പുഴ  പോലീസ് അപേക്ഷ നല്‍കിയിരുന്നു.
കരുനാഗപ്പള്ളി പോലീസ് കേസിന്റെ തുടരന്വേഷണം അമ്പലപ്പുഴ പൊലീസിന് കൈമാറിയ സാഹചര്യത്തില്‍, പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അമ്പലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവെടുക്കുന്നതിനായാണ് പ്രതിയെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങുക. കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കൊല നടത്താന്‍ ഉപയോഗിച്ച വെട്ടുകത്തി മാത്രമാണ് പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കൃത്യം നടന്ന സമയം, പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, കരുനാഗപ്പള്ളിയില്‍ നിന്ന് ജയചന്ദ്രനൊപ്പം വിജയലക്ഷ്മി പോരുമ്പോള്‍ ഇവര്‍ കൈയില്‍ കരുതിയ ബാഗ്, കിറ്റ്, വസ്ത്രങ്ങള്‍, കൊല നടത്തിയ ശേഷം വിജയലക്ഷ്മിയെ വലിച്ചിഴച്ച് സമീപത്തെ പുരയിടത്തില്‍ എത്തിച്ചതായി പറയുന്ന കയര്‍ എന്നിവ ഇനിയും കണ്ടെത്താനുണ്ട്. പ്രധാനമായും ഇവ കണ്ടെത്താന്‍ വേണ്ടിയാകും പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുക.
ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന വിജയലക്ഷ്മിയെ കഴിഞ്ഞ ഏഴിനാണ് ജയചന്ദ്രന്‍ ഇയാളുടെ കരുരിലെ വീട്ടില്‍ കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ജയചന്ദ്രനുമായി അടുപ്പത്തിലായ വിജയലക്ഷമിയെ ആറു മുതലാണ് കാണാനില്ലന്നറിയിച്ച് ഇവരുടെ  സഹാേദരി കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയത്. വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്ത് നിന്ന് ലഭിച്ചതോടെയാണ് അന്വേഷണം ജയചന്ദ്രനിലേക്ക് എത്തിയതും ഇയാള്‍ പിടിയിലാകുകയും ചെയ്തത്. സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെയാണ് ജയചന്ദ്രന്‍ റിമാന്‍ഡിലായത്.

Advertisement