കോഴിക്കോട്. കൊടുവള്ളിയില്‍ സ്വർണവ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോ സ്വർണം കവർന്നതായി പരാതി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുത്തമ്ബലം സ്വദേശി ബൈജുവിനെ കാറിടിച്ച് വീഴ്ത്തിയാണ് കവർച്ച നടത്തിയത്.
ഒരു വെള്ളക്കാറിലാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് ബൈജു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി- ഓമശ്ശേരി റോഡില്‍ മുത്തമ്ബലത്താണ് സംഭവം.
കൊടുവള്ളി ഓമശേരി റോഡില്‍ വെച്ച് അഞ്ചംഗ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നുവെന്നാണ് പരാതി. സ്വർണാഭരണങ്ങള്‍ നിർമിക്കുന്ന കടയുടെ ഉടമയാണ് ബൈജു. കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാലംഗ സംഘമാണ് അക്രമിച്ചത് എന്ന് അക്രമത്തിന് ഇരയായ ബൈജു പറയുന്നു. കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സ്വർണ്ണം കവർന്ന സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി. സാരമായി പരിക്കേറ്റിട്ടുണ്ട്. പോലീസ് പ്രതികളെ പിടികൂടും എന്നാണ് പ്രതീക്ഷ.
സ്വർണ കവർച്ചയില്‍ ആശങ്കയിലെന്ന് വ്യാപാരികൾ പറയുന്നു. കടയടച്ച് മടങ്ങുമ്പോൾ ഭീതിയാണ്. നഗരത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കണം. CCTVകൾ സ്ഥാപിക്കണം. സ്വർണം ലഭിച്ചത് കൊണ്ട് മാത്രമാണ് പ്രതികൾ ബൈജുവിനെ ജീവനോടെ വിട്ടത്. അല്ലായിരുന്നെങ്കിൽ അപായപ്പെടുത്തുമായിരുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവും ഏറെ സ്വര്‍ണ്ണക്കടകളും സ്വര്‍ണ വ്യാപാരവും നടക്കുന്ന സ്ഥലമാണ് കൊടുവള്ളി.