‘ക്ഷേമ പെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥരുടെ എണ്ണം കൂടാം; പലിശ സഹിതം തിരിച്ചുപിടിക്കും’

Advertisement

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്ഥരിൽനിന്നു തുക പലിശ സഹിതം തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ. സാധാരണക്കാർക്കുള്ള പെൻഷൻ തുകയാണ് വൻ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ കൈപ്പറ്റിയതെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ പറ‍ഞ്ഞു. തട്ടിപ്പ് നടത്തിയവരുടെ കണക്ക് ഇനിയും കൂടാമെന്നും മന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. കോളജ് അധ്യാപകരും മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്,. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എജ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗസംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്.

വിധവ-വികലാംഗ പെന്‍ഷനുകളാണ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത്. തദ്ദേശ സ്ഥാപനങ്ങളാണ് പെന്‍ഷന് അർഹരായവരെ കണ്ടെത്തുന്നത് എന്നതിനാല്‍ അനര്‍ഹരെ ഒഴിവാക്കുന്നതില്‍ സ്ഥാപനങ്ങള്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.

Advertisement