തൃശ്ശൂർ. വടക്കാഞ്ചേരി വിരുപ്പാക്കയിൽ കാട്ടുപന്നിയെ വേട്ടയാടുന്നതിന് സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ അകപ്പെട്ട് മധ്യവയസ്കൻ മരിച്ചു. വിരുപ്പാക്ക സ്വദേശി നടത്തറ വീട്ടിൽ 51 വയസ്സുള്ള ഷെരീഫാണ് മരിച്ചത്. സംഭവത്തിൽ വക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രദേശവാസികളാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വടക്കാഞ്ചേരി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസിയായ
ഉണ്ണിയാൻ കുട്ടി എന്ന ആളുടെ പാടത്തിനോട് ചേർന്ന വലിയ തെങ്ങിൻ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ച ഷെരീഫിന്റെ വീട്ടിൽ നിന്നും ഏകദേശം അര കിലോമീറ്റർ മാറിയാണ് അപകടം നടന്ന തെങ്ങിൻ പറമ്പ് സ്ഥിതിചെയ്യുന്നത്.
മൃതദേഹത്തിന് സമീപത്തുനിന്ന് കെണിവെക്കാനായി ഉപയോഗിക്കുന്ന വയറുകളും പ്ലാസ്റ്റിക് സഞ്ചിയും ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തായി വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. ഷെരീഫ് കെണിവെക്കാൻ എത്തിയപ്പോൾ അപകടം സംഭവിച്ചതാണോ, മറ്റാരെങ്കിലും വെച്ച കെണിയിൽ ഷെരീഫ് അബദ്ധത്തിൽ അകപ്പെട്ടതാണോ എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. നാളുകൾക്ക് മുൻപാണ് വടക്കാഞ്ചേരിക്ക് തൊട്ടടുത്ത എരുമപ്പെട്ടി സ്റ്റേഷൻ പരിധിയിലെ വരവൂരിൽ പാടത്ത് സ്ഥാപിച്ച വൈദ്യുത കെണിയിൽ തട്ടി മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ മരിച്ചിരുന്നു. മേഖലയിൽ വന്യമൃഗങ്ങളെ വേട്ടയാടാൻ വൈദ്യുത കെണി സ്ഥാപിക്കുന്നത് നിത്യ സംഭവമാണെന്ന് പ്രദേശവാസികൾ പറയുന്നു. വൈദ്യുതയുടെ സ്ഥാപിക്കുന്നത് മുൻകൂട്ടി പിടികൂടാൻ അധികൃതർ കാര്യക്ഷമമായി പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.