കൊച്ചി. ആന എഴുന്നള്ളത്ത് വിഷയത്തിൽ നിലപാട് കടുപ്പിച്ചു ഹൈക്കോടതി. നിശ്ചിത ദൂരപരിധി എന്ന മാനദണ്ഡത്തിൽ ഇളവ് വേണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ല. ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോയെന്നും ഹൈക്കോടതി ചോദിച്ചു.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൻറെ ഉപഹർജി പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങൾ. ക്ഷേത്രോത്സവത്തിന് 15 ആനകളെ തന്നെ എഴുന്നള്ളിക്കണമെന്ന നിർബന്ധം ഏത് ആചാരത്തിന്റെ പേരിലെന്ന് ഹൈക്കോടതി ദേവസ്വത്തോട് ചോദിച്ചു. മൂന്നുമീറ്റർ അകലം ആനകൾ തമ്മിൽ വേണമെന്നാണ് വ്യവസ്ഥ. ഇത് മാറ്റേണ്ട പ്രത്യേക സാഹചര്യം എന്തെന്നും കോടതി ചോദിച്ചു. ദൂരപരിധി പാലിച്ചാൽ 9 ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂ എന്ന് പൂർണത്രയേശ ക്ഷേത്ര ഭാരവാഹികൾ കോടതിയെ അറിയിച്ചു. എങ്കിൽ 9 ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ടു പോയിക്കൂടെയെന്നായി കോടതി. അതേസമയം കോടതി ഉത്തരവ് മാനിച്ച് ഉത്സവം നടത്തുമെന്നും ആനകളുടെ എണ്ണത്തിന്റെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും പൂർണ്ണത്രയീശ ക്ഷേത്രം ദേവസ്വം ഓഫിസർ രഘുരാമൻ പ്രതികരിച്ചു.
നിശ്ചിത അകല പരിധി ഗൈഡ് ലൈൻ പുറപ്പെടുവിച്ചത് ആളുകളുടെ സുരക്ഷ കൂടി പരിഗണിച്ചാണെന്നാണ് കോടതി നിലപാട്.
ആനകൾ പരസ്പരം സ്പർശിച്ച് നിൽക്കുന്നത് അനുവദിക്കില്ലെന്നും എന്നാൽ ആനകളെ എഴുന്നളളത്തിന് ഉപയോഗിക്കേണ്ട എന്നല്ല പറയുന്നതന്നും കോടതി വ്യക്തമാക്കി.