മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്

Advertisement

തിരുവനന്തപുരം. മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഡിജിപി ശേഖ് ദർവേസ് സാഹിബാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിട്ടത്. ഹൈക്കോടതി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മന്ത്രി സജി ചെറിയാനെതിരെ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതിയാണ് എട്ട് ദിവസം മുൻപ് ഉത്തരവിട്ടത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ഉത്തരവിൽ സർക്കാർ ഒരാഴ്ച നിഷ്ക്രിയത്വം പാലിച്ചു. സർക്കാരിൻ്റെ നടപടി വിവാദമായതോടെ കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതിയിൽ എത്തി. ഇതിന് പിന്നാലെയാണ് സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിജിപി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് തന്നെ തീരുമാനിക്കും. ഇതിൽ നാളെത്തന്നെ തീരുമാനം ഉണ്ടാകും.

സജി ചെറിയാനെതിരെ കുറ്റം നിലനിൽക്കില്ലെന്ന പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. രൂക്ഷ വിമർശനമാണ് ഹൈക്കോടതി പൊലീസ് റിപ്പോർട്ടിനെതിരെ ഉയർത്തിയത്. പുതിയ അന്വേഷണം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനത്തുനിന്ന് സജി ചെറിയാൻ മാറിനിൽക്കണമെന്ന് പ്രതിപക്ഷം ആവശ്യമുയർത്തി.

Advertisement