ക്രിസ്മസ്, പുതുവത്സര അവധിക്ക് കേരളത്തിലേക്ക് എത്തേണ്ട ബംഗളൂരു മലയാളികൾക്ക് തിരിച്ചടി

Advertisement

കൊച്ചി.ക്രിസ്മസ്, പുതുവത്സര അവധിക്ക് കേരളത്തിലേക്ക് എത്തേണ്ട ബംഗളൂരു മലയാളികൾക്ക് തിരിച്ചടിയായി കെഎസ്ആര്‍ടിസിയുടെ നിരക്ക് വർധന. പതിവ് സർവീസുകളിൽ 50 ശതമാനം വർധനയാണ് കേരള ആർ.ടി.സി ഈടാക്കുന്നത്. ഡിസംബർ 18 മുതൽ ജനുവരി 5 വരെയുള്ള സർവീസുകളിലാണ് അധിക നിരക്ക് ഏർപ്പെടുത്തിയത്

തിരക്കുള്ള സമയങ്ങളിൽ “ഫ്ലെക്സി ടിക്കറ്റ്” എന്ന പേരിൽ കെഎസ്ആര്‍ടിസിനിരക്ക് വർധിപ്പിക്കുന്നത് സാധാരണയാണ്. എന്നാൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂട്ടുന്നതിലെ പരിധി. ഈ തവണയത് 50 ശതമാനമായി ഉയർത്തി. ബംഗളൂരു തിരുവനന്തപുരം റൂട്ടിൽ 1300 മുതൽ 1800 രൂപ വരെയാണ് നിലവിലെ ടിക്കറ്റ് നിരക്ക്. ഡിസംബർ 18ന് ശേഷം 1700 മുതൽ 2800 രൂപ വരെ നൽകണം. നിലവിലെ ചാർജ് അനുസരിച്ച് 800 മുതൽ 1200 രൂപ വരെയാണ് എറണാകുളത്തേക്കുള്ള യാത്രക്ക് ആവശ്യം. എന്നാൽ ക്രിസ്മസ്, പുതുവത്സര അവധി ദിനങ്ങളിൽ 1200 മുതൽ 2000 വരെ നൽകണം. കോഴിക്കോട് റൂട്ടിലും മറിച്ചല്ല സാഹചര്യം. 400 മുതൽ 600 രൂപ വരെയാണ് സാധാരണ നിലയിലെ നിരക്ക്. ഡിസംബർ 18ന് ശേഷം നിശ്ചയിച്ചിരിക്കുന്നത് 500 മുതൽ 1100 രൂപ വരെയാണ്.

ട്രെയിൻ റിസർവേഷൻ കൃത്യമായി ലഭിക്കാത്തതും, സ്വകാര്യ ബസുകളിലെ പരസ്യ കൊള്ളയും ഒരു ഭാഗത്ത് നിൽക്കുമ്പോഴാണ് കെഎസ്ആര്‍ടിസി യും യാത്രക്കാരെ കൈവിടുന്നത്. കുടുംബമായി ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് പോയി വരവിന് മാത്രം വലിയ തുക മുടക്കേണ്ടിവരും. എന്നാൽ നിവർത്തികേടു കൊണ്ടായിരിക്കണം ഡിസംബർ 20ന് ശേഷമുള്ള ദിവസങ്ങളിലെ സർവീസുകളിൽ ടിക്കറ്റുകൾ ഇതിനകം തന്നെ വിറ്റഴിഞ്ഞു

Advertisement