ഭരണഘടനയെ അവഹേളിക്കുന്നതിൽ സിപിഎം, ബിജെപി നേതാക്കൾക്ക് ഒരേ സ്വരം: സന്ദീപ് വാര്യർ

Advertisement

ചെങ്ങന്നൂർ:
രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നതിൽ സിപിഎം, ബിജെപി നേതാക്കൾക്ക് ഒരേ സ്വരമാണെന്ന് ബിജെപി.വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്ദീപ്.
രാഹുൽ ഗാന്ധി ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ഇതിന്റെ ഭാഗമായാണ് ത്രിവർണ പതാക കൈയിലേന്തി കന്യാകുമാരി മുതൽ കശ്മീർ വരെ ജോഡോ യാത്ര നടത്തിയത്. ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നൽകിയ മന്ത്രി സജി ചെറിയാൻ ഒരുനിമിഷംപോലും അധികാരത്തിൽ തുടരരുത്. മന്ത്രിയും ചെങ്ങന്നൂരിലെ ബിജെപിയും പരസ്പരസഹായ സഹകരണസംഘം പോലെയാണ് പ്രവർത്തിക്കുന്നതെന്നും സന്ദീപ് ആരോപിച്ചു.

യൂത്ത് കോൺഗ്രസിന്റെ മാർച്ചിൽ സംഘർഷമുണ്ടായി. ക്ഷേത്രംറോഡും നടപ്പാതയും ബാരിക്കേഡു വെച്ച് തടഞ്ഞിരുന്നു. പ്രവർത്തകർ കൊടികൾ വലിച്ചെറിഞ്ഞ് പോലീസിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. വനിതകളടക്കം നടപ്പാതയിലെ ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോൾ പോലീസുമായി ഉന്തും തള്ളുമുണ്ടായി.

Advertisement