ന്യൂഡെല്‍ഹി.പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രിംകോടതി. എല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നാണ് വിമർശനം. ഇതിനിടെ ഇതേ കേസിൽ 7 പി.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികൾക്ക് ഒറ്റ ഉത്തരവിലൂടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടിയെന്നും നിരീക്ഷിച്ചു. ജാമ്യാപേക്ഷ പരിഗണിച്ചതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വിമര്‍ശിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചു. ജനുവരി 17നകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.
അതേസമയം കേസിൽ
ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി തള്ളി.
പ്രതികള്‍ക്കെതിരെയുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി. ഹനീഫ, ഖാജാ ഹുസൈന്‍, മുഹമ്മദ് ഹക്കിം, അബ്ബാസ്, ടി നൗഷാദ്, ടിഇ ബഷീര്‍, അമീര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.