ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

Advertisement

കോഴിക്കോട് .എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തൃശ്ശൂർ സ്വദേശി അബ്ദുൾ സനൂഫിനെയാണ് ചെന്നൈയിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം വെട്ടത്തൂർ സ്വദേശിയായ ഫസീലയെ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പോസ്റ്റ്മോർട്ടത്തിൽ മരണം കൊലപാതകമെന്ന് കണ്ടെത്തി. ലോഡ്ജിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബ്ദുൾ സനൂഫ് ആണ് കൊലപാതകത്തിന് പിന്നിൽ എന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ സഞ്ചരിച്ച കാർ പാലക്കാട് നിന്ന് കണ്ടെത്തി. പ്രതിക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. അബ്ദുൽ സനൂഫ്, ബംഗളുരുവിൽ ഉണ്ടെന്നറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും ഇയാൾ അവിടെ നിന്ന് മുങ്ങിയിരുന്നു. തുടർന്ന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ചെന്നൈ ആവഡിയിലുള്ള ഒരു ഫ്ലാറ്റിൽ വച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.വേഷപ്രച്ഛന്നനായി ഫ്ലാറ്റിൽ ഒളിച്ചു കഴിയുകയായിരുന്നു അബ്ദുൽ സനൂഫ്. ഇയാളുമായി പോലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൃത്യം ചെയ്യാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതടക്കം പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകും.

Advertisement