പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും; രണ്ട് ദിവസം മണ്ഡല പര്യടനം

Advertisement

കൽപറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലം സന്ദർശിക്കാൻ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്ക വയനാട് സന്ദർശിക്കാനൊരുങ്ങുന്നത്. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഡിസംബർ ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പ്രിയങ്ക ​ഗാന്ധി പങ്കെടുക്കും. മലപ്പുറം ജില്ലയിൽ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്നും അധികൃതർ അറിയിച്ചു.

രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇരുവരും എത്തും. നാളെ മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും, കല്പറ്റയിലും സ്വീകരണ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്ക വൈകുന്നേരം കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യും. വയനാട് എംപിയായി വ്യാഴാഴ്ച പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിയുള്ള പ്രിയങ്കയുടെ സത്യപ്രതിജ്ഞ ഏറെ ശ്രദ്ധനേടി. കേരളത്തിൽ നിന്നുള്ള ഏക വനിതാ ലോക്‌സഭാംഗമെന്ന വിശേഷണത്തോടെയാണ് പ്രിയങ്ക വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റത്.

പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തതോടെ കുടുംബത്തിലെ മൂന്ന് പേർ എംപിമാരാണെന്ന പ്രത്യേകതയും ഇതിലുണ്ട്. റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന ലോക്സഭാ അംഗമാണ് രാഹുൽ ഗാന്ധി. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് സോണിയ ഗാന്ധി. രാഹുലിൻറേയും സോണിയയുടേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയാണ് പ്രിയങ്ക രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് 2019 ൽ കിഴക്കൻ ഉത്തർപ്രദേശിൻറെ ചുമതലയേറ്റെടുക്കുകയും ഒരു വർഷത്തിനപ്പുറം മൊത്തം യുപിയുടെ ചുമതലയിലേക്ക് എത്തുകയുമായിരുന്നു. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ് പ്രിയങ്ക ഗാന്ധി.

വയനാട് ലോക്സഭ മണ്ഡലത്തിൽ 4,10,931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി സിറ്റുറപ്പിച്ചത്. 64.27 ശതമാനം പോളിങ്ങാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 73.57 ശതമാനം പോളിങ്ങാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ മാനന്തവാടിയിലാണ് (62.61) എറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി പ്രിയങ്ക ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറി. എൽഡിഎഫിന് വേണ്ടി സത്യൻ മൊകേരിയും ബിജെപിക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here