കോഴിക്കോട്:
കൊടുവള്ളി സ്വർണ്ണക്കവർച്ചയിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. പാലക്കാട് – തൃശൂർ സ്വദേശികളാണ് പിടിയിലായത്. മറ്റൊരു ജ്വല്ലറി ഉടമ രമേശ് നൽകിയ കൊട്ടേഷൻ പ്രകാരമാണ് സ്വർണക്കവർച്ച നടന്നതെന്നാണ് പോലീസ് നൽകുന്ന വിവരം.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ്, സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊടുവള്ളിയിലെ ജ്വല്ലറി ഉടമ ബൈജുവിനെ കാർ ഇടിച്ച് വീഴ്ത്തി ഒരു സംഘം സ്വർണം കവർന്നത്. 1.75 കിലോ സ്വർണമാണ് ബൈജുവിന് നഷ്ടമായത്. തുടർന്ന് പ്രത്യേകസംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഉപയോഗിച്ചത് വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പാലക്കാട്-തൃശൂർ സ്വദേശികളായ അഞ്ചംഗ സംഘം പിടിയിലായത്. കൊടുവള്ളിയിൽ സ്വർണ വ്യാപാരം നടത്തുന്ന പാലക്കാട് സ്വദേശി രമേശ് നൽകിയ കൊട്ടേഷൻ പ്രകാരം, ബിബിൻ ,ലതീഷ്, സരീഷ്, വിമൽ എന്നിവർ ചേർന്ന് കവർച്ച നടത്തിയെന്നാണ് പോലീസ് നൽകുന്ന വിവരം. തൃശ്ശൂരിൽ വച്ചാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 1.3 കിലോ സ്വർണവും കണ്ടെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും