ആലപ്പുഴ. പാർട്ടി സമ്മേളനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായിരുന്ന ജി സുധാകരന്‍റെ രാഷ്ട്രീയ ജീവിതം ഇവിടെ ഒടുങ്ങുമോ.
സുധാകരന്റെ പ്രവർത്തന മേഖല ആയിരുന്ന സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിലും അദ്ദേഹത്തെ ഒഴിവാക്കി. സുധാകരൻ പാർട്ടിയെ പല ഘട്ടങ്ങളിൽ വിമർശിച്ചത് വിവാദമായിരുന്നു. അതിശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള രക്തസാക്ഷികുടുംബക്കാരനായ ജി സുധാകരന്‍ പാര്‍ട്ടിക്ക് ഒരു ശുദ്ധികലശമുണ്ടെങ്കില്‍ തിരികെ വന്നേക്കുമെന്നാണ് സൂചന. എന്നാല്‍ അതിന് തല്‍ക്കാലം വിദൂര സാധ്യതയേയുള്ളൂ. കായംകുളത്തെ സിപിഎം യുവ നേതാവ് ബിജെപിയില്‍ പോയത് അടക്കമുള്ള പ്രശ്നങ്ങളില്‍ സുധാകര വാദങ്ങളുടെ പ്രസക്തി ഏറുകയാണ്. കരുനാഗപ്പള്ളിക്കുമുമ്പേ ഭിന്നിപ്പിന്‍റെ തീയാളിയത് തൊട്ടുചേര്‍ന്ന കായംകുളത്തായിരുന്നു.
മൂന്നുവർഷം മുൻപ് വരെ ആലപ്പുഴ പാർട്ടിയിലെ അവസാനവാക്കും അമരക്കാരനുമായിരുന്ന ജി സുധാകരൻ. എന്നാൽ ഇത്തവണ 12 ഏരിയ സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ ഒരു ലോക്കൽ സമ്മേളനത്തിൽ പോലും ജി സുധാകരൻ ക്ഷണിക്കപ്പെട്ടില്ല. ഇന്നലെ സിപിഐഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനവും ഇന്ന് പൊതുസമ്മേളനവും ആണ്. ജി സുധാകരന്റെ പുന്നപ്രയിലെ വീട്ടിൽനിന്ന് സമ്മേളന നഗരിയിലേക്ക് ഒരു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ. സമ്മേളന ദിവസം അദ്ദേഹം വീട്ടിലുമുണ്ട്. എന്നാൽ ഈ പാർട്ടി സമ്മേളനത്തിലും അദ്ദേഹം ക്ഷണിക്കപ്പെട്ടില്ല. നിലവിൽ ജില്ലാ കമ്മിറ്റി ക്ഷണിതാവും ഏരിയ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്രാഞ്ച് അംഗവുമാണ് ജി സുധാകരൻ. എന്നാൽ മൂന്ന് വർഷമായി പാർട്ടി പരിപാടികളിലോ യോഗങ്ങളിലോ സജീവമല്ല ജി സുധാകരൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ജി സുധാകരൻ ശ്രമിച്ചു എന്ന അമ്പലപ്പുഴ എംഎൽഎ എച്ച് സലാം മിന്റെ പരാതിയിൽ സിപിഐഎം നേതൃത്വം കമ്മീഷനെ നടത്തിയിരുന്നു. കമ്മീഷൻ നടത്തിയ അന്വേഷണത്തിലെ കണ്ടത്തിലിന്റെ അടിസ്ഥാനത്തിൽ സുധാകരനെ അച്ചടക്ക നടപടിയെന്നോണം താക്കീതും നൽകിയിരുന്നു.
പൊതുവേദികളിൽ പാർട്ടിക്കും സർക്കാരിനും എതിരെ വി സുധാകരൻ നടത്തുന്ന പരോക്ഷ വിമർശനങ്ങളും നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. നേരത്തേ സിപിഐഎമ്മിന്റെ ആലപ്പുഴയിലെ യുവനേതാവായിരുന്ന ടി.ജെ. ആഞ്ചലോസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത് കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കിയാണെന്ന ജി. സുധാകരൻ പറഞ്ഞിരുന്നു. പാർട്ടിയുടെ പ്രായപരിധി മാനദണ്ഡത്തിനെതിരെയും സുധാകരൻ രംഗത്ത് വന്നിരുന്നു.