സിപിഎം തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ട് പുറത്തായി

Advertisement

തിരുവല്ല.വിഭാഗീയതയെ തുടർന്ന് നിർത്തിവെച്ച സിപിഎം തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ട് പുറത്തായി. പീഡനക്കേസ് പ്രതി സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്‍റെ പേരിൽ ഡോ. തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ഒരുവിഭാഗം നേതാക്കൾ പ്രവർത്തിച്ചെന്ന ഗുരുതരമായ ആരോപണങ്ങൾ റിപ്പോർട്ടിലുണ്ട്. വിമർശനങ്ങൾ പുറത്താക്കാതിരിക്കാൻ നേതൃത്വം നേരത്തെ പ്രവർത്തന റിപ്പോർട്ട് പ്രതിനിധികളിൽ നിന്ന് തിരികെ വാങ്ങിയിരുന്നു. സിസി സജിമോനെ തിരികെ എത്തിച്ചവരെ ഒഴിവാക്കണമെന്ന ആവശ്യവും ഉയര്‍ത്തിയിട്ടുണ്ട്.

ജില്ലാ സെക്രട്ടറികെ പി ഉദയഭാനു തന്നെ പങ്കെടുത്ത തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനം പ്രവർത്തന റിപ്പോർട്ടിന്റെ പേരിൽ കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോൾ നേതൃത്വം ഇടപെട്ട് നിർത്തിവെക്കുകയായിരുന്നു . സമ്മേളനത്തിൽ അവതരിപ്പിക്കുകയും പിന്നീട് ജില്ലാ സെക്രട്ടറിയുടെ നിർദേശപ്രകാരം പ്രതിനിധികളിൽ നിന്ന് തിരികെ വാങ്ങുകയും ചെയ്ത പ്രവർത്തന റിപ്പോർട്ടിൻ്റെ പകർപ്പാണ് പുറത്തുവന്നത് . പീഡനക്കേസ് പ്രതിയായ പ്രാദേശിക നേതാവ് സി.സി. സജിമോനെ അനുകൂലിക്കുന്ന നേതാക്കൾക്കെതിരെ റിപ്പോർട്ടിൽ രൂക്ഷ വിമർശനം . റിപ്പോർട്ട് സമ്മേളനത്തിൽ ചർച്ചയാകാതിരിക്കാനാണ് പിന്നീട് തിരികെ വാങ്ങിയത്.
പീഡനക്കേസ് പ്രതിയായ സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്‍റെ പേരിൽ മുൻ ഏരിയ സെക്രട്ടറിയും ഒരുവിഭാഗം നേതാക്കളും സംസ്ഥാന നേതൃത്വത്തിന് എതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. നടപടിയെടുക്കാൻ തീരുമാനമെടുത്ത കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്കിന്, ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചു . പ്രവർത്തന റിപ്പോർട്ട് തിരികെ വാങ്ങിയത് മാത്രമല്ല, സി.സി. സജിമോനെ പിന്തുണയ്ക്കുന്നവരെ ഒഴിവാക്കി പുതിയ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുക്കമെന്ന ആവശ്യമാണ് പ്രതിഷേധത്തിൽ കലാശിച്ചത്. നിർത്തിവെച്ച ലോക്കൽ സമ്മേളനംപിന്നീട് നടത്താനായിട്ടില്ല. തിരുവല്ല ഏരിയ സമ്മേളനം ഡിസംബർ 11 ന് നടക്കാനിരിക്കെ. അതിന് മുൻപ് ടൗൺ നോർത്ത് സമ്മേളനം പൂർത്തിയാക്കണം. തിരുവല്ല സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയതിയൽ പരുമല ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരും കഴിഞ്ഞദിവസം കൂട്ടരാജി സമർപ്പിച്ചിരുന്നു.പ്രശ്നം രൂക്ഷമായതോടെ വിഷയത്തിൽ അടിയന്തര ഇടപെടലുമായി ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട് .തിരുവല്ല ഏരിയ കമ്മിറ്റി അംഗങ്ങളോടും ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങളോടും നാളെ രാവിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്താൻ സെക്രട്ടറി കെ പി ഉദയഭാനു നിർദ്ദേശം നൽകി . ഈ യോഗത്തിലും തീരുമാനമായില്ലെങ്കിൽ ബ്രാഞ്ച് സെക്രട്ടറിമാരെ ഉൾപ്പെടുത്തി അഡ്ഹോക് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം

Advertisement