കൽപ്പറ്റ.മുണ്ടക്കൈ ചൂരമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നുവെന്നാരോപിച്ചു കൽപ്പറ്റ കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചില്‍ സംഘർഷം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉൾപ്പെടെ അമ്പതോളം പ്രവർത്തകർക്ക് പരിക്കേറ്റു. കളക്ടറേറ്റിൽ ധർണ നടത്തിയിരുന്ന എൻജിഒ യൂണിയനിൽ ഉൾപ്പെട്ട ജീവനക്കാരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്.
കളക്ടറേറ്റിന്റെ ഒന്നാം ഗേറ്റിൽ ബാരിക്കേഡ് വച്ച് പോലീസ് യൂത്ത് കോൺഗ്രസ് മാർച്ച് തടഞ്ഞു. ഇത് മറികടക്കാൻ പ്രവർത്തകരുടെ ശ്രമം. പോലീസുമായി വാക്കേറ്റവും ഉന്തും തള്ളലും. തുടർന്ന് നടന്ന ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഇതിനുശേഷം പ്രവർത്തകരും പോലീസും തമ്മിൽ വീണ്ടും വാക്കേറ്റം ഉണ്ടായി. സംഘർഷം കയ്യാങ്കളിയിലേക്ക് വഴി മാറിയതോടെ ലാത്തിച്ചാർജ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലി.

പരുക്കേറ്റ അമ്പതോളം പ്രവർത്തകരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ മെല്ലെ പോക്ക് തുടർന്നാൽ സമീപനം മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതേസമയം എൻജിഒ യൂണിയൻ ധർണക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം എന്നാരോപിച്ച് എൻജിഒ യൂണിയൻ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എംഎല്‍എമാരായ ടി സിദ്ദിഖ്. ഐസി ബാലകൃഷ്ണന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരയ്ക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്