കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് നടത്തിയത് അതിവേഗത്തിലുള്ള അന്വേഷണം. പോലീസിന്റെയും സി സി ടിവികളുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ തനിക്ക് അറിയാവുന്ന പണിയെല്ലാം എടുത്ത് നോക്കിയിട്ടും പ്രതി ഒടുവില്‍ പിടിയിലായി. അതും കൃത്യം നടന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ.
ഫസീലയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കോഴിക്കോട്ട് നിന്ന് രക്ഷപ്പെട്ട പ്രതി സനൂഫ് കാറില്‍ പാലക്കാട്ടേക്കും പിന്നീട് തീവണ്ടി മാര്‍ഗം ബെംഗളൂരുവിലുമെത്തി. പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ സനൂഫ് പോലീസിനെ കബളിപ്പിക്കാന്‍ തനിക്ക് ആവുന്നതെല്ലാം ചെയ്തിരുന്നു.
മീശയെടുത്തും ഇടക്കിടെ ഷര്‍ട്ടുകള്‍ മാറ്റും യാത്ര ചെയ്ത സനൂഫ് ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലെത്തുകയായിരുന്നു. കര്‍ണാടകയില്‍ നിന്ന് വാങ്ങിയ സിം താന്‍ ഉപയോഗിച്ചിരുന്ന ഫോണില്‍ ഇട്ടതോടെയാണ് പ്രതിയുടെ ലൊക്കേഷന്‍ പോലീസിന് മനസ്സിലായത്. സൈബര്‍ സെല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.