കൊടുവള്ളിയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ ട്വിസറ്റ്; ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ട് കിലോയോളം സ്വര്‍ണം കവര്‍ന്നത് സ്വന്തം സുഹൃത്ത് ; ആസൂത്രണം പൊളിച്ച് കേരളാ പോലീസ്

Advertisement

കോഴിക്കോട്: കൊടുവള്ളിയില്‍ ജ്വല്ലറി ഉടമയില്‍ നിന്ന് സ്വര്‍ണംകവര്‍ന്ന സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. കൊടുവള്ളിയില്‍ ജ്വല്ലറി നടത്തുന്ന ബൈജുവിനെ ആക്രമിച്ച് രണ്ട് കിലോയോളം സ്വര്‍ണം കവര്‍ന്ന സംഭവത്തിന് പിന്നില്‍ സുഹൃത്തും ബൈജുവിന്റെ കടയുടെ സമീപത്ത് ജ്വല്ലറി കട നടത്തുന്ന രമേശ് ആണെന്ന് പോലീസ് വ്യക്തമാക്കി.
പഴുതടച്ച അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ പോലീസിനെ സഹായിച്ചത്. രണ്ട് ദിവസം മുമ്പ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി രണ്ട് കിലോയോളം സ്വര്‍ണം കവര്‍ന്ന സംഭവമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. കേസിലെ സൂത്രധാരനായ രമേശ് ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയാതായി വടകര റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

രമേശിനെ കൂടാതെ വിപിന്‍, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പൊലീസ് പിടിച്ചെടുത്തു. രമേശന്‍ ഇവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത തുകയായ 12 ലക്ഷം രൂപയും പിടികൂടി. ബൈജുവിനെ ആക്രമിച്ച് സ്വര്‍ണം കവരാന്‍ രമേശ് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

ബൈജു ആക്രമിക്കപ്പെട്ടതിന് ശേഷം സുഹൃത്തായ രമേശ് സംഭവ സ്ഥലത്തെത്തി തന്റെ ദുഃഖം രേഖപ്പെടുത്തിയിരുന്നതായും അന്വേഷണത്തിന്റെ നീക്കുപോക്കുകള്‍ മനസ്സിലാക്കിയിരുന്നതായും പോലീസ് വ്യക്തമാക്കി.

വ്യാജ നമ്പര്‍ പ്ലേറ്റിലുള്ള കാറുമായി ആക്രമണം നടത്തിയ സംഘത്തിലെത്തിയത് സിസി ടിവിയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ്.

Advertisement