ലോക എയ്ഡ്സ് ദിനം; ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’, ലക്ഷ്യം കൈവരിക്കാന്‍ കേരളം

Advertisement

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ലക്ഷ്യം കൈവരിക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക് ‘ എന്ന പ്രചരണ പരിപാടിയിലൂടെ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് കേരളം പ്രയത്‌നിക്കുന്നത്. ഇതില്‍ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി. ബാധിതരായവരില്‍ 95 ശതമാനം ആളുകളും അവരുടെ എച്ച്.ഐ.വി. രോഗാവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്. രണ്ടാമത്തെ 95 എന്നുള്ളത് എച്ച്.ഐ.വി അണുബാധിതരായി കണ്ടെത്തിയവരില്‍ 95 ശതമാനവും എ.ആര്‍.ടി. ചികിത്സയ്ക്ക് വിധേയരാക്കുക എന്നതാണ്. ഇവരിലെ 95 ശതമാനം ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമാക്കുന്നത്. 2024ലെ കണക്ക് പ്രകാരം കേരളം രണ്ടാമത്തേയും മൂന്നാമത്തോയും ലക്ഷ്യം കൈവരിച്ചു. ഒന്നാമത്തെ ലക്ഷ്യം 76 ശതമാനം വരെ കൈവരിച്ചു. എച്ച്.ഐ.വി. ബാധിതരായവരില്‍ മുഴുവന്‍ പേരുടേയും രോഗബാധ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

ലോകമെമ്പാടും 1988 മുതല്‍ ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ആചരിച്ചു വരുന്നു. എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കു’ (Take the rights path) എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം.

ലോകത്താകമാനം 3.9 കോടി എച്ച്.ഐ.വി ബാധിതര്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2023ല്‍ മാത്രം 13 ലക്ഷം ആളുകളില്‍ പുതുതായി എച്ച്.ഐ.വി അണുബാധ കണ്ടെത്തി. ഇന്ത്യയില്‍ 2023ലെ കണക്ക് പ്രകാരം 25.44 ലക്ഷം ആളുകള്‍ എച്ച്.ഐ.വി ബാധിതരാണെന്ന് കണക്കാക്കപ്പെടുന്നു. 2023ല്‍ ഇന്ത്യയില്‍ 68,451 ആളുകളില്‍ പുതുതായി എച്ച്.ഐ.വി അണുബാധ കണ്ടെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ 1263 പേരിലാണ് എച്ച്.ഐ.വി അണുബാധ കണ്ടെത്തിയത്.
എച്ച്.ഐ.വി. അണുബാധയുടെ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയില്‍ 0.20 ആണെങ്കില്‍ അത് കേരളത്തില്‍ 0.07 ആണ്.

എച്ച്.ഐ.വി. ബാധിതരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സംസ്ഥാനത്ത് 793 ജ്യോതിസ് കേന്ദ്രങ്ങള്‍ (ഐ.സി.റ്റി.സി) കൗണ്‍സിലിംഗിനും പരിശോധനയ്ക്കുമായി പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്ണൂര്‍, കൊല്ലം ജില്ലാ ആശുപത്രികളിലും മാനന്തവാടി, കാസര്‍ഗോഡ്, എറണാകുളം ജനറല്‍ ആശുപത്രികളിലുമായി 15 ഉഷസ് കേന്ദ്രങ്ങള്‍ (എ.ആര്‍.ടി.) പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ മറ്റ് പ്രധാന ആശുപത്രികളില്‍ ലിങ്ക് എ.ആര്‍.ടി സെന്ററുകളായി ഉഷസ് ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. എ.ആര്‍.ടി. കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ എടുക്കുന്ന എച്ച്.ഐ.വി. അണുബാധിതര്‍ക്ക് ആവശ്യമായ തുടര്‍സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഏഴു ജില്ലകളില്‍ കെയര്‍ സപ്പോര്‍ട്ട് കേന്ദ്രങ്ങള്‍ (സി.എസ്.സി) പ്രവര്‍ത്തിക്കുന്നു. ലൈംഗിക-ജന്യ രോഗങ്ങള്‍ക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതിന് 23 പുലരി കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. എച്ച്.ഐ.വി. അണുബാധാ സാധ്യത കൂടുതലുള്ള ലക്ഷ്യ വിഭാഗങ്ങള്‍ക്കിടയില്‍ എച്ച്.ഐ.വി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ജില്ലകളിലുമായി 64 സുരക്ഷാ പദ്ധതികളും പ്രവര്‍ത്തിച്ചു വരുന്നു.

Advertisement