വീട്ടിലെത്തി ജി സുധാകരനെ സന്ദർശിച്ച് കെസി വേണുഗോപാൽ എംപി

Advertisement

ആലപ്പുഴ. തുടർച്ചയായി സിപിഎം വേദികളിൽ നിന്ന് ജി.സുധാകരൻ ഒഴിവാക്കപ്പെടുന്നത് വിവാദമാകുന്നതിനിടെ വീട്ടിലെത്തി ജി.സുധാകരനെ സന്ദർശിച്ച് കെസി വേണുഗോപാൽ എംപി. സൗഹൃദ സന്ദർശനമെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും പ്രതികരിച്ചു. അതെസമയം ഇന്ന് നിശ്ചയിച്ചിരുന്ന മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക കാമ്പയിൻ ഉദ്ഘാടനത്തിൽ നിന്നും അവസാന നിമിഷം സുധാകരൻ പിന്മാറി.

ആലപ്പുഴയിൽ പാർട്ടി സമ്മേളനങ്ങളിൽ നിന്ന് ജി സുധാകരൻ പൂർണമായും ഒഴിവാക്കപ്പെടുന്നത് വലിയ ചർച്ചയാകുന്നമ്പോഴാണ് ജി സുധാകരനും കെസി വേണുഗോപാൽ എംപിയുമായുള്ള കൂടിക്കാഴ്ച. പുന്നപ്ര പറവൂരിലെ ജി സുധാകരന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.

എന്നാൽ സന്ദർശനത്തിന് രാഷ്ട്രീയമില്ലെന്നും സൗഹൃദം മാത്രമാണെന്നുമായിരുന്നു ഇരുനേതാക്കളുടെയും പ്രതികരണം.തന്റെ അനുവാദമില്ലാതെയാണ് വീടിനകത്തേക്ക് മാധ്യമങ്ങൾ പ്രവേശിച്ചതെന്ന് ജി സുധാകരൻ. മാധ്യമങ്ങളെ അദ്ദേഹം ശകാരിച്ചു

സുധാകരന്റെ പുന്നപ്രയിലെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലേ നടന്ന അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ ജി സുധാകരനെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. പാർട്ടി പദവികൾ ഒന്നും ഇല്ലാത്തതിനാൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് ക്ഷണിക്കാതിരുന്നത് എന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ഇതിനിടെയാണ് ഇന്ന് രാവിലെ ജി സുധാകരന്റെ വസതിയിൽ വച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം നിശ്ചയിച്ചത്. രാവിലെ ഒൻപത് മണിക്ക് നടക്കേണ്ട പരിപാടിയിൽ നിന്ന് അവസാനനിമിഷം സുധാകരൻ പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ വിവാദങ്ങളിലേക്ക് പോകാൻ താല്പര്യം ഇല്ലെന്നു ലീഗ് നേതാക്കളെ സുധാകരൻ അറിയിക്കുകയായിരുന്നു.

Advertisement