വെർച്വൽ അറസ്റ്റ് ചെയ്തെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടി

Advertisement

കോഴിക്കോട്. വീണ്ടും ഓൺലൈൻ തട്ടിപ്പ്. വെർച്വൽ അറസ്റ്റ് ചെയ്തെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടി. പന്തീരങ്കാവ് സ്വദേശിനി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.

ഒരാഴ്ച മുൻപാണ് പന്തീരാങ്കാവ് സ്വദേശിയായ വീട്ടമ്മയുടെ മൊബൈലിലേക്ക് മുംബൈ പൊലീസ് എന്ന് പരിചയപ്പെടുത്തിയ ആളുടെ കോൾ വന്നത്. എംഡിഎംഎ അടങ്ങിയ പാഴ്സൽ നിങ്ങൾക്ക് വരുന്നുണ്ടെന്നും അതിനാൽ, കേസ് എടുത്ത് വെർച്വൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാൾ അറിയിച്ചു. അറസ്റ്റ് ഒഴിവാക്കണം എങ്കിൽ , താൻ നൽകുന്ന അക്കൗണ്ടിലേക്ക് പണം അടക്കണം എന്നും വീട്ടമ്മയോട് ആവശ്യപ്പെട്ടു. ഭയന്ന വീട്ടമ്മ കൈയിലുള്ള സ്വർണാഭരണങ്ങൾ പണയം വെച്ച് പണമടച്ചു. 3,39, 213 രൂപയാണ് പലതവണയായി നൽകിയത്. കഴിഞ്ഞ ദിവസം ഭർത്താവ് ഓൺലൈൻ തട്ടിപ്പുകളുടെ കഥകൾ പങ്കുവെച്ചപ്പോഴാണ്, വീട്ടമ്മയ്ക്ക് തനിക്കു പറ്റിയ അബദ്ധം മനസിലായത്. തുടർന്ന് ഇവർ പന്തീരാങ്കാവ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement