കണ്ണൂര്‍ വളപട്ടണത്ത് അരി വ്യാപാരിയുടെ വീട്ടിൽ നിന്ന് വന്‍ കവര്‍ച്ച നടത്തിയ സംഭവത്തിൽ പ്രതി കസ്റ്റഡിയില്‍. അയല്‍വാസിയായ ലിജീഷ് ആണ് പിടിയിലായത്. കഴിഞ്ഞ മാസം 20നായിരുന്നു വ്യാപാരിയായ അഷ്റഫിന്റെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും മൂന്നൂറ് പവനും മോഷണം പോയത്. അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നത്.
മോഷണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്രതി പൊലീസിന്റെ കസ്റ്റഡിയിലായത്. കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു. കവര്‍ച്ച നടത്തി തൊട്ടടുത്ത ദിവസവും കള്ളന്‍ ഇതേവീട്ടില്‍ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ സംഘമല്ലെന്ന നിഗമനത്തിലെത്തിയിരുന്നു. സുഹൃത്തുക്കളുടെ ഉള്‍പ്പെടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയായ ലിജീഷിലേക്കെത്തുന്നത്. ഇയാളുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മോഷണം നടന്ന ദിവസവും തലേന്നും ലിജീഷ് അഷ്‌റഫിന്റെ വീട്ടിലെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ കവര്‍ച്ച നടത്തിയത് താന്‍ തന്നെയെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പ്രതിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ ഒരു കോടി രൂപയും മൂന്നൂറ് പവനും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.