വാർത്താനോട്ടം

Advertisement

2024 ഡിസംബർ 02 തിങ്കൾ

BREAKING NEWS

👉ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

👉മധ്യ തെക്കന്‍ കേരളത്തിലെ മലയോരമേഖകളില്‍ ജാഗ്രത വേണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

👉കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

👉സംസ്ഥാനത്ത് മഴ കനക്കും, കോട്ടയത്ത് കൺട്രോൾ റൂമുകൾ തുറക്കും, നാല് ജില്ലകളിൽ റെഡ് അലർട്ട്

👉കണ്ണൂർ വളപട്ടണത്ത് വീട് കുത്തിതുറന്ന് 300 പവനും ഒരു കോടി രൂപയും കവർന്ന അയൽവാസി ലിജീഷ് അറസ്റ്റിലായി.

👉കേരള കലാമണ്ഡലത്തിലെ കൂട്ട പിരിച്ചുവിടൽ സർക്കാർ റദ്ദ് ചെയ്തു. ജീവനക്കാർ ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കും.

👉 മഴ: ഈരാറ്റുപേട്ട വാഗമൺ റോഡിൽ രാത്രിയാത്ര നിരോധിച്ചു.

👉കണ്ണൂർ ചെറുപുഴയിൽ ഝാർഖണ്ഡ് സ്വദേശികളുടെ അഞ്ചു വയസുകരനായ മകൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

👉തമിഴ്നാട്ടിൽ വിഴിപ്പുറത്ത് റെയിൽവേ ട്രാക്കിൽ വെള്ളം കയറി. 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി.

🌴 കേരളീയം 🌴

🙏ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്രം ശത്രുതാമനോഭാവം കാട്ടരുതെന്ന് റവന്യൂമന്ത്രി കെ.രാജന്‍. കേരളം നല്‍കിയ കണക്ക് തെറ്റാണെന്ന് പറയുന്ന കേന്ദ്രം എവിടെയാണ് തെറ്റെന്ന് പറയാന്‍ തയ്യാറാവണമെന്നും കേരള സര്‍ക്കാരിനോട് കേന്ദ്രം അത്തരത്തില്‍ രേഖാമൂലമുള്ള ഒരാശയവിനിമയവും നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

🙏കേരള കോണ്‍ഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാര്‍ത്ത വെറും സൃഷ്ടി മാത്രമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

🙏 കള്ള വാര്‍ത്തകള്‍ കൊടുത്താല്‍ ആ പത്രത്തിന്റെ ഓഫീസിലേക്ക് നേരെ വന്ന് ചോദിക്കുമെന്നും അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

🙏ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്നവര്‍ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാല്‍ അനാവശ്യതിരക്ക് ഒഴിവാക്കാനും, ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദര്‍ശനം സാധ്യമാക്കാനും ഇടയാകുമെന്ന് പൊലീസ് അറിയിച്ചു.

🙏 കൊല്ലം നഗരത്തില്‍ കോടതി സമുച്ചയ ശിലാസ്ഥാപനത്തിന് എത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന് ചിന്നക്കടയില്‍ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു. യാത്രക്കാരുടെ കാഴ്ച മറച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ നിറഞ്ഞ ചിന്നക്കട റൗണ്ടും പരിസരവുമാണ് കൊല്ലത്തെത്തിയ ഹൈക്കോടതി ജഡ്ജി ദേവന്‍ രാമന്‍ചന്ദ്രന്‍ നേരില്‍ കണ്ടത്.

🙏സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കലാമണ്ഡലത്തിലെ 121 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും. സര്‍ക്കാര്‍ ഇടപെടലിലാണ് കൂട്ടപ്പിരിച്ച് വിടല്‍ റദ്ദാക്കാന്‍ തീരുമാനമായത്. സാംസ്‌കാരിക മന്ത്രി കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. അനന്തകൃഷ്ണനെ വിളിച്ച് 121 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉത്തരവ് ഇന്ന് പിന്‍വലിക്കും.

🙏 എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ കെ സോട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായ്ക്ക് കൈമാറി.

🙏 ഗുരുതര വൈകല്യങ്ങളോടെ ആലപ്പുഴയില്‍ കുഞ്ഞ് ജനിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ഉന്നതതലത്തിലുള്ള അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഡീഷണല്‍ ഡയറക്ടര്‍ ഹെല്‍ത്ത് സര്‍വീസസിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🙏 ഇടുക്കി പൊലീസ് കെനൈന്‍ സ്‌ക്വാഡിലെ അംഗങ്ങളായ ബെല്‍ജിയം മലിനോയിസ് ഇനത്തില്‍ പെട്ട കടാവര്‍ വിഭാഗത്തിലെ നായകളായ എയ്ഞ്ചലിനെയും മാഗിയെയും ആദരിച്ച് ഇടുക്കി പൊലീസ്. സമാനതകളില്ലാത്ത വയനാട് ദുരന്തത്തില്‍ എട്ടു മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചത് എയ്ഞ്ചലാണ്. സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ അസാമാന്യ കഴിവാണ് മാഗിക്ക്.

🙏 വളപട്ടണം മന്നയില്‍ അരിവ്യാപാരി കെ.പി.അഷ്റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവന്‍ ആഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍ അയല്‍വാസി കസ്റ്റഡിയില്‍. അഷ്റഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അയല്‍വാസി ലിജീഷിനെയാണ് ഇന്നലെ വൈകിട്ട് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

🇳🇪 ദേശീയം 🇳🇪

🙏 ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മഴക്കെടുതിയില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 9 മരണം. പുതുച്ചേരിയിലും തമിഴ്നാട്ടിലെ വിഴുപ്പുറത്തും വെള്ളപ്പൊക്കത്തില്‍ ജനജീവിതം സ്തംഭിച്ചു. പുതുച്ചേരിയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫിന്‍ജാല്‍ ശക്തി ക്ഷയിച്ച് അടുത്ത 12 മണിക്കൂറില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ കേന്ദ്രം ഇന്നലെ അറിയിച്ചു.

🙏കനത്ത മഴക്ക് പിന്നാലെ തമിഴ്നാട് തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍. അണ്ണാമലയാര്‍ മലയുടെ അടിവാരത്തിലുള്ള നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. പാറക്കഷ്ണങ്ങളും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 3 വീടുകള്‍ പൂര്‍ണമായി മണ്ണിന് അടിയിലായി. കുട്ടികള്‍ അടക്കം 7 പേരെ കാണാതായതായെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകീട്ടാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.

🙏 തെലങ്കാനയിലെ മുളുഗു ജില്ലയിലെ ചല്‍പ്പാക്ക് വനമേഖലയില്‍ ഏഴ് മാവോയിസ്റ്റുകള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രധാന മാവോയിസ്റ്റ് നേതാവ് പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട് . ഒരാഴ്ച മുന്‍പ് പൊലീസിന് വിവരം നല്‍കി എന്ന് പറഞ്ഞ് ഈ മേഖലയില്‍ രണ്ട് ഗ്രാമവാസികളെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു.

🙏 നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനെ സ്വാഗതം ചെയുന്നതായി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ. വിജയ് പ്രധാന താരമാണെന്നും പുതിയ ഊര്‍ജം രാഷ്ട്രീയത്തില്‍ വരുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

🙏 സംസ്ഥാന വഖഫ് ബോര്‍ഡ് പിരിച്ചു വിട്ട് ആന്ധ്ര സര്‍ക്കാര്‍. പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വഖഫ് ബോര്‍ഡ് നോക്കുകുത്തിയാകുന്നെന്ന് കാണിച്ചാണ് ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. നിലവിലെ ബോര്‍ഡ് മെമ്പര്‍മാരുടെ നിയമനം അസാധുവാക്കി.

🙏 ആഭ്യന്തര മന്ത്രി അമിത് ഷാ പരാജയമെന്ന് അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. ഇന്നലെ ഗ്രേറ്റര്‍ കൈലാഷിലെ പദയാത്രക്കിടെ കെജരിവാളിന് നേരെ ആക്രമണ ശ്രമം നടന്നിരുന്നു. കെജരിവാളിന് നേരെ സ്പീരിറ്റ് ഒഴിച്ച് കത്തിക്കാനാണ് നീക്കം നടന്നതെന്നും പിന്നില്‍ ബിജെപിയാണെന്നും എഎപി ആരോപിച്ചു.

🙏ലൈംഗികാരോപണം നേരിടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗുരപ്പ നായിഡുവിനെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

🙏 ട്രെയിന്‍ യാത്രക്കാര്‍ക്ക് എസി കോച്ചുകളില്‍ നല്‍കുന്ന കമ്പിളി പുതപ്പുകളുടെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെ വിശദീകരണവുമായി നോര്‍ത്തേണ്‍ റെയില്‍വേ. ഓരോ 15 ദിവസം കൂടുമ്പോഴും കഴുകുകയും നാഫ്തലീന്‍ നീരാവി ഉപയോഗിച്ച് അണുനശീകരണം നടത്തുന്നുണ്ടെന്നും നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.

🙏 സംഘര്‍ഷമുണ്ടായ സംഭലില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധന നടത്തി. കനത്ത സുരക്ഷയിലാണ് മുന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സംഭലിലെത്തിയത്.

🙏ജനസംഖ്യാ നിയന്ത്രണത്തിനെതിരെ കടുത്ത പ്രതികരണവുമായി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യ സ്ഥിരത അനിവാര്യമാണെന്നും ഒരു കുടുംബത്തില്‍ കുറഞ്ഞത് മൂന്ന് കുട്ടികള്‍ എങ്കിലും ഉണ്ടായിരിക്കണമെന്നുമാണ് മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തിരിക്കുന്നത്.

🇦🇽 അന്തർദേശീയം 🇦🇺

🙏 ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വനിതാ മാധ്യമപ്രവര്‍ത്തകക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ജനക്കൂട്ടം ബംഗ്ലാദേശ് പത്രപ്രവര്‍ത്തകയായ മുന്നി സാഹയെ വളയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.

🙏 ബംഗ്ലാദേശിലെ സന്ന്യാസിമാര്‍ക്കെതിരായ നടപടിയില്‍ ദില്ലിയില്‍ പ്രതിഷേധവുമായി ഇസ്‌കോണ്‍. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനാ പ്രതിഷേധമാണ് ഇവര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലാകെ പ്രാര്‍ത്ഥനാ പ്രതിഷേധങ്ങള്‍ക്കാണ് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.

🙏എച്ച്ഐവി രോഗബാധിതരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്തില്‍ നിന്ന് നൂറിലേറെ പ്രവാസികളെ നാടുകടത്തി. സാംക്രമിക രോഗങ്ങളുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ഇവരെ നാടുകടത്തിയത്. എയ്ഡ്സ് ആന്‍ഡ് വെനീറിയല്‍ ഡിസീസസ് കോണ്‍ഫറന്‍സിലാണ് ആരോഗ്യ അധികൃതര്‍ ഇക്കാര്യ വെളിപ്പെടുത്തിയത്.

🙏 ലൈംഗികത്തൊഴിലാ
ളികള്‍ക്ക് പ്രസവാവധി, ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളുമായി ബെല്‍ജിയം. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നത്.

🏏 കായികം 🏑

🙏ഐസിസിയുടെ പുതിയ ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ. ക്രിക്കറ്റിനെ കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കുമെന്നും വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ച ഉറപ്പാക്കുമെന്നും വ്യക്തമാക്കിയ ജയ് ഷാ 2028ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമാകുന്നത് ക്രിക്കറ്റിനെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വളര്‍ത്തുന്നതില്‍ നിര്‍ണായകമാകുമെന്നും സ്ഥാനമേറ്റെടുത്തശേഷം പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here