കൊച്ചി.ശബരിമലയിലേക്ക് പരമ്പരാഗത കാനനപാത വഴിയുള്ള തീർഥാടനത്തിന് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തി. വണ്ടിപ്പെരിയാർ – പുല്ലുമേട് വഴിയും, എരുമേലിയിൽ നിന്നും കരിമല വഴിയും തീർഥാടകർ സഞ്ചരിക്കുന്നതിനാണ് ഇനിയൊരു ഉത്തരവ് വരെ നിരോധനം. ഈ പാതകളിലൂടെ തീർഥാടകർ സഞ്ചരിക്കുന്നില്ലെന്ന് ജില്ല കലക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ശബരിമലയിൽ പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ വേണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിലും ദേവസ്വം ബെഞ്ച് ചോദ്യങ്ങൾ ഉയർത്തി. നിലവിൽ ഇത്തരം തീർഥാടകർക്ക് പ്രത്യേക ക്യൂ ഉണ്ടെന്നും, ഏത് സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതെന്നും കോടതി ചോദിച്ചു. എരുമേലിയിൽ വഴിപാട് സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോട്ടയം ജില്ലാ കലക്ടർ സാവകാശം തേടി. ഹർജി കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.